കോഴിക്കോട്: മൂവായിരത്തിലധികം ഗാനങ്ങള്ക്ക് ഈണമിട്ട പ്രശസ്ത സംഗീത സംവിധായകന് അരീക്കാട് ഉള്ളിശേരിക്കുന്നിലെ കോഴിക്കോട് അബൂബക്കര് (അവുക്കാക്ക - 80) അന്തരിച്ചു. അരീക്കാട് ഉള്ളിശേരിക്കുന്നിലെ വീട്ടില് തിങ്കളാഴ്ച രാത്രി 12 ഓടെയായിരുന്നു അന്ത്യം.
കെ.ജെ. യേശുദാസ് പാടിയ "കരയാനും പറയാനും മനംതുറന്നിരിക്കാനും', കെ.എസ്. ചിത്രയുടെ "യത്തീമിനതാണീ' തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്ക്ക് ഈണമിട്ടു. ലാ ഇലാഹാ ഇല്ലള്ളാ, പകലന്തി ഞാന്, പാടാന് ഞാന് ഗായകന് അല്ല തുടങ്ങിയവയും അദ്ദേഹത്തിന്റെ പ്രശസ്തമായ ഗാനങ്ങളില് ചിലതാണ്. സുജാത, അഫ്സല്, എം.ജി. ശ്രീകുമാര്, ഷഹബാസ് അമന് തുടങ്ങി മലയാളത്തിലെ പ്രമുഖ ഗായകരെല്ലാം അദ്ദേഹത്തിന്റെ സംഗീതത്തില് പാടിയിട്ടുണ്ട്.
സ്കൂള് പഠനകാലത്ത് ബാബുരാജിന്റെ പ്രിയപ്പെട്ട തബലിസ്റ്റ് ടി. ഉസ്മാന് വഴിയാണ് ബാബുരാജിന്റെ ട്രൂപ്പിലെത്തുന്നത്. നടന് മാമുക്കോയ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. ദേവരാജന് മാസ്റ്ററുടെയും ബോംബെ രവിയുടെയും പ്രിയപ്പെട്ട തബലിസ്റ്റ് കൂടിയായിരുന്നു അദ്ദേഹം.
മാപ്പിളപ്പാട്ട് സംഗീത ലോകത്തെ അമരക്കാരനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കറിന്റെ വേര്പാട് കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിന് തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് അനുശോചിച്ചു. വലിയങ്ങാടിയിലെ ഇരുമ്പു കച്ചവടക്കാരനായിരുന്ന ഇമ്പിച്ചി അഹമ്മദിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: കെ.വി. സുബൈദ. മക്കള്: ഗുലാം അലി, പരേതനായ ഫയാസ്, റോഷ്നി, ഫെമിന, സജിന. മരുമക്കള്: സലാം, അസീസ്, അസീസ് (കാഞ്ഞങ്ങാട്), സൗദാബി, അഫ്സീന.
Tags : Music director Aboobacker passes away.