ദേശീയ കാരംസ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായവർ
വെണ്ണിക്കുളം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ കാരംസ് താരങ്ങളുടെ ആവേശകരമായ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വെണ്ണിക്കുളം ബഥനി അക്കാദമിയില്‍ ഏഴാമത് സിഐഎസ്ഇ ദേശീയ കാരംസ് ചാമ്പ്യന്‍ഷിപ്പിന് സമാപനം. മൂന്നൂറിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്ത ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങള്‍ പങ്കെടുത്തു.
16 പോയിന്റ് നേടിയ തമിഴ്നാട്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ റീജിയന് ഒന്നാം സ്ഥാനം നേടി. 14 പോയിന്റുമായി മഹാരാഷ്ട്രറീജിയന് രണ്ടാം സ്ഥാനത്തെത്തി. 12 പോയിന്റ് നേടിയ ബിഹാര്‍ ജാര്‍ഖണ്ഡ് റീജിയന് മൂന്നാം സ്ഥാനത്ത് എത്തി. ദേശീയതലത്തിലെ മികച്ച താരങ്ങള്‍ മാറ്റുരച്ച മത്സരങ്ങള്‍ ആവേശകരമായ പോരാട്ടങ്ങള്‍ക്കാണ് വേദിയായത്.
അണ്ടര്‍ 14, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ വിദ്യാര്‍ഥികള്‍ മികച്ച സാങ്കേതിക മികവും ഏകാഗ്രതയും ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
സമാപന സമ്മേളനത്തില്‍ എഎസ്ഐഎസ്സി കേരള റീജണല്‍ സെക്രട്ടറി ഫാ. ഷിനോ കളപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് മുഖ്യാതിഥിയായിരുന്നു. ബഥനി അക്കാദമി ചെയര്മാന് ഡോ. മാത്യൂസ് ചാക്കോ, പ്രിന്‍സിപ്പല്‍ മേരി ഷീബ മാത്യൂസ്, ജോയല്‍ യോഹാന്‍ അജി, മേഘ ആന്‍ സാം എന്നിവര്‍ പ്രസംഗിച്ചു.
മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ടീമുകള്‍ക്കും വ്യക്തിഗത മികവ് തെളിയിച്ച താരങ്ങള്‍ക്കും സമാപന ചടങ്ങില്‍ ട്രോഫികളും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.