കോണ്‍ക്ലേവിന്റെ ഉദ്ഘാടനം വര്‍ഗീസ് മാമ്മന്‍ എംഎല്‍എ നിര്‍വഹിക്കുന്നു.
തിരുവല്ല: ഹൃദ്രോഗം, വൃക്കരോഗം, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ക്കെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്കുന്ന കാര്‍ഡിയോ, കിഡ്നി, മെറ്റബോളിക് ദേശീയ കോണ്‍ക്ലേവിന്റെ ഉദ്ഘാടനം ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്നു. വര്‍ഗീസ് മാമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കേരള ആരോഗ്യ സര്‍വകലാശാലാ സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജിംഗ് ഡയറക്ടറുമായ ഫാ. സിജോ പന്തപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് ആശുപത്രി ഡയറക്ടറും സിഇഒയുമായ ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്ര വിഷയാവതരണം നടത്തി. ഭക്ഷണത്തിന്റെ അളവും പോഷകഗുണവും കൃത്യമായി നിശ്ചയിക്കാന്‍ കഴിയുന്ന ഹെല്‍ത്ത് റീസെറ്റ് പ്ലേറ്റ് എന്ന പേരില്‍ ബിലീവേഴ്സ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഗവേഷണഫലമായുണ്ടായ പ്ലേറ്റും ലോഗോയും ചടങ്ങില്‍ വര്‍ഗീസ് മാമ്മന്‍ എംഎല്‍എ പ്രകാശനം ചെയ്തു.
വേള്‍ഡ് എന്‍സിഡി ഫെഡറേഷന് പ്രസിഡന്റ് ഡോ. ജെ. എസ്. താക്കൂര്‍, നോണ്‍ കമ്യൂണിക്കബിള്‍ ഡിസീസസ് ലോകാരോഗ്യ സംഘടന കണ്‍സള്‍ട്ടന്റായ ഡോ. സി. ദീനദയാലന്, നെഫ്രോളജി വിഭാഗം മേധാവി ഡോ. രാജേഷ് ജോസഫ്, ക്ലിനിക്കല്‍ ന്യൂട്രിഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്സ് വിഭാഗം മേധാവി ഡോ. ജ്യോതി എസ്. കൃഷ്ണന്, നെഫ്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. ഇ.ടി. അരുണ്‍ തോമസ്, ഡോ. പി. ഷംനാദ്, എന്‍ആര്‍സി എന്‍സിഡി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്സണ് ഇടയാറന്മുള എന്നിവര്‍ പ്രസംഗിച്ചു.