നെടുങ്കണ്ടം: നെടുങ്കണ്ടം ഇരട്ടക്കൊലപാതകക്കേസില്‍ കസ്റ്റഡിയിലായ പ്രതി സജി കുറ്റം സമ്മതിച്ചതായി ഇടുക്കി എസ്പി സാബു മാത്യു. കൊലയ്ക്ക് കാരണം വസ്തു തര്‍ക്കവും സഹോദരന്റെ മാനസിക പീഡനവുമാണെന്നും പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്.
മാതാവ് തോട്ടുവാക്കട പൊന്നൂട്ടിയില്‍ മേരിക്കുട്ടിയെയും സഹോദരന് റെജിയെയും കൊലപ്പെടുത്തിയത് താനാണെന്നും ഇതിന് തനിക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും പ്രതി പറഞ്ഞു. മാത്യുവിന്റെ മകനല്ല സജിയെന്ന് പറഞ്ഞ് റെജി നിരന്തരം ആക്ഷേപിച്ചിരുന്നു. റെജി സജിയെ വിവാഹം കഴിക്കാന്‍ അനുവദിക്കാതിരുന്നതും പകയ്ക്ക് കാരണമായി. പ്രതിയെ ഇന്നലെ വൈകുന്നേരം സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നും തെളിവെടുപ്പ് തുടരും.
വിശദമായ ചോദ്യംചെയ്യലില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നും എസ്പി പറഞ്ഞു. സജിയുടെ പിതാവ് മാത്യുവിന്റെ തിരോധാനത്തിലും പുനരന്വേഷണം നടത്തും. ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും. ഇതോടെ കൊലപാതകത്തിന്റെ പൂര്‍ണചിത്രം തെളിയുമെന്നും എസ്പി പറഞ്ഞു.