പ്രതീകാത്മക ചിത്രം
പൊന്നാനി: ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിട്ടിരുന്ന പൊന്നാനി കെഎസ് ആർടിസി ഡിപ്പോയിലെ പ്രതിസന്ധിക്ക് പരിഹാരമായി. ഡിപ്പോയിലേക്ക് പുതുതായി നാല് ഡ്രൈവർമാരെയും രണ്ട് മെക്കാനിക്കുകളെയും നാല് കണ്ടക്ടർമാരെയും നിയമിച്ച് കെഎസ്ആർടിസി ഉത്തരവിറക്കി.
കെ.പി. നൗഷാദ് അലി എംഎൽഎ നടത്തിയഇടപെടലിനെത്തുടർന്നാണ് നടപടി. ഇതോടെ പൊന്നാനിയിൽ ബസ് സർവീസുകൾ മുടങ്ങില്ലെന്ന് ഉറപ്പായി.
പുതിയ സർക്കാർ നിലവിൽ വന്ന ശേഷം മൂന്നു പുതിയ സർവീസുകൾ പൊന്നാനിയിൽനിന്ന് ആരംഭിച്ചിരുന്നു. എന്നാൽ ജീവനക്കാരുടെ അഭാവം മൂലം നിലവിലുള്ള സർവീസുകൾ പോലും പലപ്പോഴും മുടങ്ങുന്ന സ്ഥിതിയായിരുന്നു.
ശന്പള പ്രശ്നങ്ങളും ജീവനക്കാരുടെ തുടർച്ചയായ അവധിയും പുതിയ നിയമനങ്ങൾ ഇല്ലാത്തതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. യാത്രക്കാരെ വലയ്ക്കുന്ന സർവീസ് മുടങ്ങലുകൾക്ക് പരിഹാരം മതിയായ ജീവനക്കാരെ നിയമിക്കുക എന്നതായിരുന്നു. തുടർന്ന് എംഎൽഎ നടത്തിയ അടിയന്തര ഇടപെടലിനെത്തുടർന്നാണ് 10 ജീവനക്കാരെ അടിയന്തരമായി നിയമിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചത്.
Tags : Nattuvishesham DistrictNews DeepikaNews KSRTC