ചവറ: വിദേശത്തുവച്ച് ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചെന്ന യുവതിയുടെ പരാതിയില്‍ ചവറ പൊലീസ് കേസെടുത്തു. നീണ്ടകര പരിമണം സ്വദേശിനിയായ അഞ്ജു( 24 ) വിന്റെ പരാതിയില്‍ ഭര്‍ത്താവ് നന്ദുവിനും മാതാപിതാക്കള്‍ക്കുമെതിരെയാണ് കേസ്. സ്ത്രീധനത്തിന്റെ പേരില്‍ സൗദിയില്‍ മര്‍ദിച്ചെന്നും കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു.
2026 ജൂണ്‍ 27 നായിരുന്നു അഞ്ചുവിന്റെയും നന്ദുവിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ സ്ത്രീധനത്തിന്റെ പേരില്‍ പീഡനം ആരംഭിച്ചെന്നാണ് യുവതിയുടെ ആരോപണം. പിന്നീട് ഭര്‍ത്താവിനൊപ്പം വിസിറ്റിംഗ് വിസയില്‍ സൗദിയിലേക്ക് പോയ യുവതിയെ താമസസ്ഥലത്ത് കുക്കര്‍, ലാപ്ടോപ്പ്, ചാര്‍ജര്‍, ബെല്‍റ്റ്, മറ്റ് അടുക്കള ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് മര്‍ദിച്ചെന്നും പരാതിയിലുണ്ട്. തുടര്‍ച്ചയായി മര്‍ദനം ഏറ്റിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
ഫോണ്‍ പരിശോധിക്കുകയും മറ്റുള്ളവരുടെ നമ്പറുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തതായും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ ലൈക്ക് ചെയ്തതിന്റെ പേരിലും മര്‍ദിച്ചിരുന്നെന്നും പരാതിയിലുണ്ട്. യുവതിയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണം മുഴുവന്‍ ഭര്‍ത്താവിന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും യുവതി ആരോപിച്ചു. കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി ചില കാര്യങ്ങള്‍ പറയിപ്പിക്കുകയും അത് റെക്കോര്‍ഡ് ചെയ്ത് ശബ്ദരേഖയായി പ്രചരിപ്പിക്കുകയും ചെയ്തതായും പരാതിയിലുണ്ട്.
അഞ്ജുവിന്റെ പരാതിയില്‍ ചവറ പൊലീസ് പരിമണം സ്വദേശിയായ ഭര്‍ത്താവ് നന്ദു, അച്ഛന് ദിനേശ്, അമ്മ ജഗദമ്മ എന്നിവര്‍ക്കെതിരേ കേസെടുത്തു. സെപ്റ്റംബര്‍ 30 ന് നാട്ടില്‍ മടങ്ങിയെത്തിയ യുവതിയുടെ ശരീരമാസകലം മര്‍ദനമേറ്റ പാടുകളും മുറിവുകളുമുണ്ട്. യുവതി കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരേ ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ നാലാം വകുപ്പും ചുമത്തി ചവറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ഭര്‍ത്താവ് നന്ദുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയതായി പോലീസ് പറഞ്ഞു.
സൗദിയില്വച്ചും നാട്ടില്‍വച്ചും അഞ്ജു ക്രൂരമര്‍ദനത്തിന് ഇരയായെന്നും നിലവിട്ട് നന്ദു പെരുമാറിയെന്നും അഞ്ജു പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തി അഞ്ജുവിന് നീതി ലഭ്യമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി ബിന്ദു കൃഷ്ണയും പറഞ്ഞു.