പത്തനംതിട്ട: നിറപുത്തരിയോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമല ശ്രീധർമശാസ്ത ക്ഷേത്രനട ഓഗസ്റ്റ് രണ്ടിന് വൈകുന്നേരം അഞ്ചിനു തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. മൂന്നിനാണ് നിറപുത്തരി. പുലർച്ചെ നട തുറക്കും.
5.30ന് പതിനെട്ടാം പടിക്കു സമീപത്തുനിന്ന് നെല്‍ക്കറ്റകള്‍ ശ്രീകോവിലിന് പ്രദക്ഷിണം ചെയ്ത് മുന്നിലെ മണ്ഡപത്തില്‍ എത്തിക്കും. രാവിലെ 5.40നും 6.20നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് നിറപുത്തരി പൂജകള്‍ നടക്കുക. വൈകുന്നേരം
6.30ന് പതിനെട്ടാം പടിയില്‍ പടിപൂജ ഉണ്ടാകും. നിറ പുത്തരിയോടനുബന്ധിച്ച പൂജകള്‍ പൂര്‍ത്തിയാക്കി രാത്രി 10ന് നടയടയ്ക്കും. നിറപുത്തരി പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ വെർച്വൽ ക്യൂ വെബ്സൈറ്റ് വഴി (www.sabarimalaonline.org) സ്ലോട്ടുകള്‍ ബുക്ക് ചെയ്യണം.
ശബരിമല നിറപുത്തരിക്ക് ആറന്മുളയില്നിന്ന് നെല്ക്കതിര് എത്തിക്കും
ആറന്മുള: ശബരിമല നിറപുത്തരി ചടങ്ങിന് ആറന്മുളയില് കൃഷി ചെയ്ത നെല്ക്കതിര് ആറന്മുള വികസന സമിതിയുടെയും പ്രമുഖ ജൈവ ആര്‍ട്ട് കര്‍ഷകനായ സുനില്‍ കുമാറിന്റെയും നേതൃത്വത്തില്‍ എത്തിക്കും.
ഓഗസ്റ്റ് രണ്ടിനു രാവിലെ എട്ടിന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തില്‍നിന്ന് രഥഘോഷയാത്രയായിപുറപ്പെട്ട് മൂന്നിന് പുലർച്ചെ ശബരിമലയിൽ നടക്കുന്ന
നിറപുത്തരി ചടങ്ങിനായി കതിരുകൾ സന്നിധാനത്ത് എത്തിക്കാനാണ് തീരുമാനം. ആറന്മുള, പാലക്കാട്, അച്ചന്‍കോവില്‍ എന്നീ മൂന്ന് സ്ഥലങ്ങളിലെ നെല്‍ക്കതിരുകൾ നിറപുത്തരിക്കായി എത്തിക്കാനാണ് ദേവസ്വം ബോർഡ് അനുമതി. ആറന്മുള വികസന സമിതിക്കാണ് ആറന്മുളയിലെ അനുമതി ലഭിച്ചിട്ടുള്ളത്.
ആറന്മുളയില്നിന്ന് പ്രത്യേകം തയാറാക്കി അലങ്കരിച്ച രഥത്തില്‍ നിരവധി ഭക്തജനങ്ങളുടെ അകമ്പടിയോടൂകൂടിയാണ് നെല്ക്കതിര് വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് സന്നിധാനത്ത് എത്തിച്ചേരുന്നത്. ഘോഷയാത്രാ ചടങ്ങിന് പന്തളം കൊട്ടാരം പ്രതിനിധി, ജനപ്രതിനിധികള്‍, പള്ളിയോട സേവാസംഘം, ക്ഷേത്രോപദേശക സമിതി, മറ്റു സാമുദായിക സാംസ്കാരിക സംഘടന പ്രതിനിധികള്‍ പങ്കെടുക്കുമെന്നു കര്‍ഷകനായ സുനില്‍കുമാര്‍, വികസന സമിതി ഭാരവാഹികളായ പി.ആര്. രാധാകൃഷ്ണന്, ഗിരീഷ് കുമാര്‍ എന്നിവര്‍ അറിയിച്ചു.