നെല്ലിക്കോണം കുളം ഉപയോഗശൂന്യമായ നിലയില്‍.
നെയ്യാറ്റിന്‍കര : കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നെല്ലിക്കോണം നിവാസികള്‍ക്ക് പ്രിയപ്പെട്ടതായിരുന്ന നെല്ലിക്കോണം കുളം ശരിയായ പരിപാലനമില്ലാതെ നശിക്കുന്നു.
നാട്ടിലെ കര്‍ഷകര്‍ക്കും തദ്ദേശവാസികള്‍ക്കും ഒരുപോലെ ഗുണകരമായിരുന്ന നെല്ലിക്കോണം കുളം നാടിന്റെ പ്രധാന ജലസ്രോതസ്സായിരുന്നുവെന്ന് ഇവിടുത്തെ മുതിര്‍ന്ന തലമുറ ചൂണ്ടിക്കാട്ടി.
കുളിക്കാന്‍ മുതല്‍ പശുക്കളെയും മറ്റും കുളിപ്പിക്കാന്‍ വരെ ഈ കുളം ഉപയോഗിച്ചിരുന്നു. തൊട്ടപ്പുറത്തെ കുളത്തിലേയ്ക്കും നെല്ലിക്കോണം കുളത്തിലേയ്ക്കുമുള്ള നീരൊഴുക്ക് ക്രമേണ നിലച്ചു. പതിയെ തദ്ദേശവാസികളാരും കുളം ഉപയോഗിക്കാതെയായി.
ഗ്രാമപഞ്ചായത്ത് മുന്‍പൊക്കെ നെല്ലിക്കോണം കുളം നവീകരണവുമായി ബന്ധപ്പെട്ട ചില പ്രവൃത്തികള്‍ ചെയ്തിട്ടുണ്ട്. അവയ്ക്കൊന്നും തുടര്ച്ചയില്ലാത്തതിനാലാകാം കുളം ഇപ്പോഴും ശോചനീയാവസ്ഥയിലാണ്.
കുളത്തിലാകെ പുല്ലും പായലും നിറഞ്ഞു. കരയിലെ മരങ്ങളുടെ ഇലകള്‍ പൊഴിഞ്ഞു വീഴുന്നതും പതിവാണ്. കുളത്തിനു ചുറ്റും പാഴ്ചെടികള്‍ വളര്‍ന്നു.
നെല്ലിക്കോണം കുളത്തിലേയ്ക്കുള്ള നീരൊഴുക്കിനെ സജീവമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും കുളം സംരക്ഷിക്കുകയും ചെയ്യണമെന്ന ആവശ്യം സാക്ഷാത്കരിക്കപ്പെട്ടാല്‍ നാട്ടിലെ ജലസമൃദ്ധിയുടെ പ്രൗഢമായ ഈ സാന്നിധ്യം വരുംതലമുറകള്‍ക്കും പ്രയോജനപ്പെടുമെന്ന് തദ്ദേശവാസികള്‍ കൂട്ടിച്ചേര്‍ത്തു.