കാഞ്ഞിരപ്പള്ളി: നഴ്സിംഗ് വിദ്യാർഥിനികളെ സ്വകാര്യ ബസില്‍ കയറ്റുന്നില്ലെന്ന് പരാതി. കാഞ്ഞിരപ്പള്ളി-മുണ്ടക്കയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ വൈകുന്നേരം നാലിന് കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്നിന്നും രാവിലെ എട്ടിനു ശേഷം പൊടിമറ്റം എസ്ഡി കോളജുപടി, പൊടിമറ്റം സ്റ്റോപ്പുകളില്‍നിന്നും കാഞ്ഞിരപ്പള്ളി നഴ്സിംഗ് കോളജില്‍ പഠിക്കുന്ന കുട്ടികളെയാണ് ബസില്‍ കയറ്റാതെ ബുദ്ധിമുട്ടിപ്പിക്കുന്നത്. ഇതോടെ പോലീസിനും ആര്‍ടിഒയ്ക്കും കോളജ് പിടിഎ പരാതി നൽകി.
സ്റ്റോപ്പുകളില്നിന്നു ദൂരെ മാറ്റിനിര്‍ത്തുക, ഡോര്‍ തുറക്കാതിരിക്കുക, നിര്‍ത്തിയാല്‍ തന്നെ കയറാന്‍ തുടങ്ങുമ്പോള്‍ ബെല്ലടിച്ച് ബസ് മുമ്പോട്ടെടുക്കുക, കയറുന്ന കുട്ടികളോട് മേലില്‍ കയറിപ്പോകരുതെന്ന് ആക്രോശിക്കുക, ഫുള്‍ടിക്കറ്റ് ചാര്‍ജ് ചെയ്യുക തുടങ്ങിയ കാരണങ്ങളാണു പരാതിയിൽ പറയുന്നത്.
പൊടിമറ്റം ഭാഗത്ത് ബസ് നിര്‍ത്താത്തതുമൂലം ഒരു മണിക്കൂറോളം താമസിച്ചാണ് കോളജിലും തിരികെ ഹോസ്റ്റലിലും കുട്ടികൾ എത്തുന്നത്. കുട്ടികളെ കയറ്റാത്ത സ്വകാര്യ ബസുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും പേട്ടക്കവല, പൊടിമറ്റം സ്റ്റോപ്പുകളില്‍ പോലീസിന്റെ അടിയന്തരശ്രദ്ധ ഉണ്ടാകണമെന്നും പിടിഎ ആവശ്യപ്പെട്ടു.
Tags : nattu vishesham Nursing students transported