പ്രതീകാത്മക ചിത്രം
കൊല്ലം: ഓണക്കാലത്ത് കൊല്ലം നഗരത്തില് സുഗമമായ ഗതാഗതം ഉറപ്പാക്കാന് എംഎല്എ വിഷ്ണു മോഹന്റെയും കൊല്ലം എസിപി എസ്. ഷാജിയുടെയും സാന്നിധ്യത്തില് പ്രത്യേക അവലോകന യോഗം ചേര്ന്നു.
പരിശീലനം ലഭിച്ച ട്രാഫിക് വാര്ഡന്മാരെ കൂടുതലായി ഓണനാളുകളില് ഗതാഗത നിയന്ത്രണത്തിന് താത്കാലികമായി നിയമിക്കും. വ്യാപാരി വ്യവസായികളുടെ സഹകരണത്തോടെ ഇവരെ തിരക്കേറിയ ജംഗ്ഷനുകളില് വിന്യസിക്കും. ഇതുകൂടാതെ ട്രാഫിക് അറേഞ്ച്മെന്റ് ഡ്യൂട്ടികള്ക്കായി കൊല്ലം എആര് ക്യാമ്പില്നിന്നു കൂടുതല് പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിക്കും.
പള്ളിമുക്ക് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന് ബസ് സ്റ്റോപ്പുകള് പുനഃക്രമീകരിക്കും. തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് അല്പം കൂടി മുന്നോട്ട് മാറ്റും. ഇരവിപുരത്തു നിന്ന് അയത്തിലേക്ക് പോകുന്ന വാഹനങ്ങള്ക്കായി ധന്യ സൂപ്പര്മാര്ക്കറ്റിന് സമീപം ബസ് സ്റ്റോപ്പ് സ്ഥാപിക്കും. തിരക്കേറിയ വ്യാപാര സ്ഥാപനങ്ങള്ക്ക് സമീപമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്, പൊതു സ്വകാര്യ സ്ഥലങ്ങള് എന്നിവ കണ്ടെത്തി താത്കാലിക പാര്ക്കിംഗ് കേന്ദ്രമാക്കും.
ഈ മാസം 15ന് മുമ്പായി നഗരത്തിലെ പ്രധാന റോഡുകളിലെ കുഴികള് അടയ്ക്കാനും അറ്റകുറ്റപ്പണികള് പൂര്ത്തിയാക്കാനും ദേശീയപാത അധികൃതര്ക്ക് നിര്ദേശം നല്കി.
ചിന്നക്കട, പള്ളിമുക്ക്, കടപ്പാക്കട, മാടന്നട ഭാഗങ്ങളിലെ വെള്ളക്കെട്ടുകള് അടിയന്തരമായി പരിഹരിക്കും. എസ്എന് കോളജ് ജംഗ്ഷന്, പോളയത്തോട്, പള്ളിമുക്ക്, തോപ്പില്ക്കടവ് പാലം എന്നിവിടങ്ങളിലെ അനധികൃത പാര്ക്കിംഗ് പൂര്ണമായും ഒഴിവാക്കും. റെയില്വേ അധികൃതരുമായി സഹകരിച്ച് റെയില്വേ സ്റ്റേഷന് എന്ട്രി, എക്സിറ്റ് പോയിന്റുകള് പുന:ക്രമീകരിക്കും.