വാടാനപ്പള്ളി: പോലീസ് സ്റ്റേഷനുസമീപം ബസ് ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ ബസ് ജീവനക്കാരന്റെ അടിയേറ്റ് ഒരാൾക്ക് പരിക്ക്. പോലീസ് സ്റ്റേഷന് തെക്ക് എടത്തുരുത്തി കൊട്ടുക്കൽ വീട്ടിൽ നിഷാദ്(45) എന്നയാൾക്കാണ് കരിങ്കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റത്.
പരിക്കേറ്റ ഇയാളെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എം.ഐ. ആശുപത്രിയിൽ എത്തിച്ചു.
ഇന്നലെ വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. വാടാനപ്പള്ളി സെന്ററിൽ രാഷ്ട്രീയപാർട്ടിയുടെ വിജയാഹ്ലാദം നടക്കുന്നതിനിടയിലാണ് ചില ബസുകൾ ആൽമാവ് വഴി തെക്കോട്ട് കിഴക്കേ ടിപ്പുസുൽത്താൻ റോഡു വഴി തിരിച്ചുവിട്ടത്. പോലീസ് സ്റ്റേഷന് തെക്ക് മാസ്റ്റേഴ്സ് ഹാളിന് സമീപം നിഷാദിന്റെ കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്നു. വീതികുറഞ്ഞ റോഡിൽ കാർ കിടക്കുന്നത് വാഹനയാത്രയ്ക്ക് തടസമാണെന്ന് പറഞ്ഞ് കിരൺ ബസ് ജീവനക്കാർ രംഗത്തുവന്നു. ജീവനക്കാർ നിഷാദുമായി വാക്കുതർക്കമായി. നാട്ടുകാരും ചോദിക്കാനെത്തി. തർക്കം കൈയാങ്കളിയായി. അടിപിടിക്കിടയിൽ ബസ് ജീവനക്കാരൻ കല്ലെടുത്ത് നിഷാദിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
Tags : nattu vishashesham One injured after being hit