അറസ്റ്റിലായ പ്രതി
തൃപ്രയാർ: മഴ കാരണം വേഗത കുറച്ച് കാർ ഓടിച്ചതിലുള്ള വൈരാഗ്യത്താൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ. വലപ്പാട് കഴിന്പ്രം സ്വദേശി തേർപുരക്കൽ വീട്ടിൽ സുബിൻ (36) ആണ് അറസ്റ്റിലായത്. കേസിൽ വലപ്പാട് കഴിന്പ്രം സ്വദേശികളായ കുറുപ്പത്ത് വീട്ടിൽ അനന്തകൃഷ്ണ(28), നെടിയിരിപ്പിൽ വീട്ടിൽ ശ്രീഹരിചന്ദ് (26) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.
ഓഗസ്റ്റ് 26നു രാത്രി 7.45 ഓടെ കഴിന്പ്രം സ്കൂളിനു കിഴക്കുവശത്തുള്ള റോഡിലായിരുന്നു സംഭവം. പരാതിക്കാരിയുടെ മകൻ തൻസിൽ ഓടിച്ചിരുന്ന കാറിനെ മോട്ടോർ സൈക്കിളിലെത്തിയ പ്രതികൾ ഓവർടേക്ക് ചെയ്തശേഷം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് കാറിന്റെ ഗ്ലാസിൽ ഇടിക്കുകയും അസഭ്യം പറയുകയും ചെയ്തു. തൻസിലിനെ കാറിൽനിന്നു പുറത്തേക്ക് വലിച്ചിറക്കി ആക്രമിച്ചു പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച പരാതിക്കാരിയെയും തൻസിലിന്റെ ഭാര്യയെയും പരിക്കേൽപ്പിച്ചു. സംഭവമറിഞ്ഞെത്തിയ പരാതിക്കാരിയുടെ മൂത്തമകൻ അറഫാത്തിനെയും പ്രതികൾ സംഘംചേർന്ന് ആക്രമിച്ചു. കാറിനു കേടുപാടുവരുത്തി 20,000 രൂപയുടെ നഷ്ടവും ഉണ്ടാക്കിയെന്നാണു കേസ്.
വലപ്പാട് പൊലിസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ പി.കെ. പത്മരാജൻ, എസ്ഐ സി.ആർ. മൗഷമി, എഎസ്ഐ ധനേഷ്, സിപിഒ വിഷ്ണു ആനന്ദ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
Tags :