പ്രതീകാത്മക ചിത്രം
രാവിലെ 7.30 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ രക്തസാമ്പിളുകള്‍ സ്വീകരിക്കും
കൊച്ചി: സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ സമയം ലബോറട്ടറി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി എറണാകുളം റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയുടെ പ്രവര്‍ത്തന സമയം ദീർഘിപ്പിക്കാന്‍ തീരുമാനമായി. ടി.ജെ.വിനോദ് എംഎല്‍എയുടെ നിര്‍ദേശപ്രകാരം ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
നിലവില്‍ രാവിലെ 8.30 മുതല്‍ 11.30 വരെ മാത്രമാണ് രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി സ്വീകരിച്ചിരുന്നത്. പുതിയ തീരുമാനപ്രകാരം രാവിലെ 7.30 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെ രക്തസാമ്പിളുകള്‍ സ്വീകരിക്കും. ഇതിലൂടെ കൂടുതല്‍ രോഗികള്‍ക്ക് ഒരേ ദിവസം പരിശോധനാ സേവനങ്ങള്‍ ലഭ്യമാകുകയും നീണ്ട കാത്തിരിപ്പ് ഒഴിവാക്കാനും സാധിക്കും.
പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കുന്നതിനാവശ്യമായ അധിക ജീവനക്കാരെ നാഷണല്‍ ഹെല്‍ത്ത് മിഷന് മുഖേന നിയമിക്കുന്നതിനും ലബോറട്ടറിയിലെ നിലവിലുള്ള അഞ്ചു രൂപയുടെ ടോക്കണ്‍ ഫീസ് 10 രൂപയായി പുതുക്കിനിശ്ചയിക്കാനും യോഗത്തില്‍ തീരുമാനമായി. പൊതുജനങ്ങള്‍ക്ക് വളരെ കുറഞ്ഞ നിരക്കില്‍ നിലവിലുള്ളതുപോലെ വിവിധ ലബോറട്ടറി പരിശോധനകള്‍ തുടര്‍ന്നും ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിനും സേവനങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനുമായി വിവിധ കമ്പനികളുടെ സാമൂഹിക പ്രതിബദ്ധത പദ്ധതികളുടെ സഹായത്തോടെ ലാബിന് ആവശ്യമായ കെമിക്കലുകളും മറ്റ് ഉപഭോഗ വസ്തുക്കളും ലഭ്യമാക്കുന്നതിനുള്ള ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ടി.ജെ.വിനോദ് എംഎല്‍എ അറിയിച്ചു. സാധാരണക്കാരായ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു.