പ്രതീകാത്മക ചിത്രം
കാക്കനാട്: അമിതഭാരം കയറ്റി സര്‍വീസ് നടത്തിയ ചരക്ക് വാഹനങ്ങള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനയില്‍ 48 ചരക്ക് വാഹനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച ആര്‍ടിഒ (എന്‍ഫോഴ്സ്മെന്റ്)ആകെ 16,74,000 രൂപ പിഴ ഈടാക്കി. അങ്കമാലി, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രത്യേക പരിശോധന. ദേശീയപാതകള്‍, സംസ്ഥാനപാതകള്‍, പ്രധാന ചരക്ക് ഗതാഗത റോഡുകള്‍ എന്നിവിടങ്ങളിലായി പകലും രാത്രിയും പരിശോധന ശക്തമാക്കിയിരുന്നു.
അമിതഭാരം കയറ്റുന്നത് വാഹനത്തിന്റെ ബ്രേക്കിംഗ് സംവിധാനത്തെയും നിയന്ത്രണശേഷിയെയും പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ഗുരുതരമായ റോഡപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. പൊതുമരാമത്ത് റോഡുകള്‍, പാലങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് വേഗത്തില്‍ കേടുപാടുകള്‍ സംഭവിക്കുന്നതിനും ഇത്തരം നിയമലംഘനങ്ങള്‍ കാരണമാകുന്നു. അതിനാല്‍ ചരക്ക് വാഹന ഉടമകളും ഡ്രൈവര്‍മാരും അനുവദനീയമായ ഭാരപരിധി കര്‍ശനമായി പാലിക്കണമെന്ന് എറണാകുളം ആര്‍ടിഒ (എന്‍ഫോഴ്സ്മെന്റ്) ബിജു ഐസക് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും.