തനിക്കു പദ്മഭൂഷണ്‍ പുരസ്കാരം ലഭിച്ചതായുള്ള മാധ്യമ വാര്‍ത്ത മൊബൈൽ ഫോണിലൂടെ വീക്ഷിക്കുന്ന വെള്ളാപ്പള്ളി നടേശന്.
മാവേലിക്കര:പദ്മഭൂഷണ്‍ പുരസ്കാരം ഒരിക്കലും പ്രതീക്ഷിച്ചതല്ല, സാധാരണ ശിപാര്‍ശയുമായി പലരും പലരുടെയും പുറകിനു നടക്കാറുണ്ട്. എന്നാല്‍, താന്‍ അങ്ങനെയുള്ള ആളല്ല. പലരും അവാര്‍ഡുകള്‍ നല്‍കാനായി തന്നെ ക്ഷണിക്കാറുണ്ട്. താന്‍ അതൊന്നും സ്വീകരിക്കാറില്ല. ചിലര്‍ ഡോക്ടറേറ്റ് ഒക്കെ വച്ചു നടക്കാറുണ്ട് അതിലൊന്നും എനിക്കു താത്പര്യമില്ല. അങ്ങനെ ഒരു അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് പ്രശസ്തിയിലേക്കു പോകാന്‍ താത്പര്യപ്പെടുന്നില്ല.
ഇതു ഗവണ്മെന്റ് ഓഫ് ഇന്ത്യ നല്കുന്ന പുസ്കാരമായതുകൊണ്ട് സവിനയം സ്വീകരിക്കുന്നു. ഇതിനെല്ലാം അര്‍ഹനാക്കിയ സമൂഹത്തിനും സമുദായത്തിനും പുരസ്കാരം സമര്‍പ്പിക്കുന്നു. താന്‍ ആരുമല്ല, അര്‍ഹത എന്താണെന്നു കണ്ടെത്തിയ ആളുകള്‍ ഉണ്ടല്ലോ, അവര്‍ മാനദണ്ഡപ്രകാരം എന്നെ യോഗ്യനാക്കിയെങ്കില് അതിനു പിന്നില്‍ സാധാരണക്കാരായ ആളുകള്‍ എനിക്കു നല്കിയ ശക്തിയും പിന്ബലവുമാണെന്നും അദ്ദേഹം മാവേലിക്കരയില്‍ പറഞ്ഞു.
വിവേചനം തുറന്നുപറഞ്ഞപ്പോള്‍
താന്‍ മുസ്ലിം വിരോധിയായി:
വെള്ളാപ്പള്ളി നടേശന്
മാവേലിക്കര: മുസ്ലിം സമുദായത്തോടു വിരോദമില്ലായെന്നും മുസ്ലിം സമുദായത്തിലെ ചില ആളുകളാല്‍ നയിക്കപ്പെടുന്ന ലീഗ് നേതൃത്വം കാണിക്കുന്ന വിവേചനം തുറന്നുപറഞ്ഞപ്പോള്‍ താന്‍ മുസ്ലിം വിരോധിയായി മാറിയെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മാവേലിക്കരയില്‍ പറഞ്ഞു.
ചെട്ടികുളങ്ങര ഈരേഴ തെക്ക് 6023-ാം നമ്പര്‍ ശ്രീ ശാരദ ശതാബ്ദി ശാഖായോഗത്തിന്റെ വിഗ്രഹപ്രതിഷ്ടയും ഗുരുക്ഷേത്ര സമര്‍പ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിന്നു അദ്ദേഹം.
തന്നെ തേജോവധം ചെയ്യാന്‍ കൊള്ളക്കാരും കള്ളന്മാരും നിരന്നുനിന്നു ചര്‍ച്ച ചെയ്തു. എന്തെല്ലാം ചര്‍ച്ച ചെയ്താലും വെള്ളാപ്പള്ളി നടേശന് പറഞ്ഞതു പറഞ്ഞതുതന്നെയാണ്. അതിലൊന്നും മാറുന്ന പ്രശ്നമില്ല. ഇനിയൊരു മരണത്തെ താന്‍ ഭയക്കുന്നില്ല. ഇത്രയും നാള് ജീവിച്ചതുതന്നെ അധികപ്പറ്റായിപ്പോയി.
കുറഞ്ഞകാലം കൊണ്ട് മുസ്ലിം ലീഗ് ഒപ്പിട്ടെടുത്തത് നാലായിരം സ്കൂളുകളും 48 എയ്ഡഡ് കോളജുകളുമാണ്. എന്നാല്‍, ഈഴവ സമൂദായത്തിന് 370 സ്കൂളുകളും 18 എയ്ഡഡ് കോളജുകളും മാത്രമാണ് ലഭിച്ചത്. ഇത് അനുവദിക്കരുതെന്നു പറയുന്നത് ശരിയോ തെറ്റോ എന്നു വിലയിരുത്തണം. ഈ വിവേചനം ഇല്ലാതാക്കണം എന്നു പറയുമ്പോള്‍ അതു ജാതി പറയുകയല്ല, നീതി പറയുകയാണ്.
മതമാണ് മതമാണ് എന്നു പറഞ്ഞതില്‍ ചര്‍ച്ചയില്ല, സത്യവും നീതിയും ധര്‍മവും നടപ്പാക്കണമെന്നു പറഞ്ഞതിനെ ചര്‍ച്ചചെയ്തു ക്രൂശിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പശ്ചാത്തലമാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാവേലിക്കര ടി.കെ. മാധവന് സ്മാരക മാവേലിക്കര എസ്എന്‍ഡിപി യൂണിയന് കണ്‍വീനര്‍ എ.വി. ആനന്ദരാജ് അധ്യക്ഷത വഹിച്ചു.