വെള്ളം നിറഞ്ഞു കിടക്കുന്ന കൊട്ടാരമറ്റം ബസ് സ്റ്റാൻഡ്.
പാലാ: കനത്ത മഴയെ തുടർന്ന് പാലാ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള താഴ്ന്ന മേഖലകൾ വീണ്ടും വെള്ളത്തിനടിയായി. കൊട്ടാരമറ്റം, ഇടമറ്റം, മൂന്നാനി, മുണ്ടുപാലം എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച പുലർച്ചെയോടെ വെള്ളം കയറി ജനജീവിതവും ഗതാഗതവും താറുമാറായത്.
കൊട്ടാരമറ്റത്ത് വീണ്ടും വെള്ളപ്പൊക്കം
കൊട്ടാരമറ്റത്ത് ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണുണ്ടായത്. ഞായറാഴ്ച വ്യാപാരികൾ കടകൾ ശുചീകരിച്ചിരുന്നെങ്കിലും തിങ്കളാഴ്ച രാവിലെയോടെ വീണ്ടും വെള്ളം കയറുകയായിരുന്നു. വെള്ളാപ്പാട് മുതൽ അരുണാപുരം വരെ റോഡുകളിൽ വെള്ളം നിറഞ്ഞുകിടന്നതിനാൽ വാഹനഗതാഗതം ഏറെ നേരം തടസപ്പെട്ടു. രാവിലെ സർവീസ് നടത്താനെത്തിയ ബസുകൾ വെള്ളം ഉയരുന്നതുകണ്ട് തിരികെ മടങ്ങി. പിന്നീട് ടൗൺ ബസ് സ്റ്റാൻഡിൽ നിന്ന് പൊൻകുന്നം, രാമപുരം, വൈക്കം ഭാഗങ്ങളിലേക്ക് ഏതാനും സ്വകാര്യ ബസുകളും കെഎസ്ആർടിസി. ബസുകളും പരിമിത സർവീസ് നടത്തി.
ഇടമറ്റത്ത് ഗതാഗതം നിലച്ചു
ഭരണങ്ങാനം–പൈക റോഡിൽ ഇടമറ്റം വളഞ്ഞങ്ങാനത്ത് മീനച്ചിലാറും പൊന്നൊഴുകുംതോടും കരകവിഞ്ഞതോടെയാണ് വീണ്ടും വെള്ളപ്പൊക്കമുണ്ടായത്. വിളക്കുമാടം റോഡിൽ പുതുപ്പള്ളി ഭാഗം മുതൽ പങ്കപ്പാട് വരെ വെള്ളം കയറി. ശനിയാഴ്ച പുലർച്ചെ കയറിയ വെള്ളം ഞായറാഴ്ച വൈകുന്നേരത്തോടെ ഇറങ്ങിയിരുന്നെങ്കിലും തിങ്കളാഴ്ച വീണ്ടും ഉയർന്നു. പല പ്രദേശങ്ങളിലും മൂന്ന് നാല് ദിവസമായി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. വെള്ളം വളരെ സാവധാനമായാണ് ഇറങ്ങുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
മൂന്നാനിയിൽ ദുരിതം തുടരുന്നു
മീനച്ചിലാറിൽ നിന്ന് പാലായിലേക്ക് ആദ്യം വെള്ളം കയറുന്ന മേഖലയായ മൂന്നാനിയിൽ ദുരിതം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളം കുറഞ്ഞിരുന്നെങ്കിലും പാലാ-ഈരാറ്റുപേട്ട റൂട്ടില്‍ ഇന്നലെ രാവിലെയോടെയാണ് വീണ്ടും വെള്ളം കയറിയത്. ഈ പ്രദേശത്തെ ജനജീവിതവും ദുസഹമായിരിക്കുകയാണ്.
മുണ്ടുപാലം വെള്ളത്തിനടിയിൽ
മീനച്ചിലാറിന്റെ കൈവഴിയായ ളാലംതോട് കരകവിഞ്ഞതിനെ തുടർന്ന് പാലാ–ഉഴവൂർ റോഡിലെ മുണ്ടുപാലം വെള്ളത്തിനടിയായി. ഇതുവഴിയുള്ള ഗതാഗതം ഇതുവരെ പുനഃസ്ഥാപിക്കാനായിട്ടില്ല. പ്രദേശത്തെ കുടുംബങ്ങൾക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. വ്യാപാര സ്ഥാപനങ്ങളും പ്രവർത്തനരഹിതമായിരിക്കുകയാണ്.
കരൂരിലും വെള്ളമിറങ്ങിയില്ല
കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ മുങ്ങിയ പാലാ - ഏഴാച്ചേരി - രാമപുരം റോഡില്‍ കരൂര്‍ പള്ളി ഭാഗത്തെ വെള്ളം ഇന്നലെയും ഇറങ്ങിയിട്ടില്ല. ഇവിടെ കാല്‍നട യാത്ര പോലും സാധ്യമല്ല. ഇവിടെ നിന്നു പാലാ ടൗണിലേക്ക് എത്താന്‍ അധിക ദൂരം സഞ്ചിരിക്കേണ്ടി വരുന്നു. ഇതു വഴിയുള്ള വാഹന ഗതാഗതവും സാധ്യമായിട്ടില്ല. ഒരു കിലോമീറ്ററോളം റോഡ് വെള്ളത്തില്‍ മുങ്ങി കിടക്കുകയാണ്.
തീയേറ്ററുകളില്‍ പ്രദര്‍ശനമില്ല
വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യത്തില്‍ പാലായിലെ തീയേറ്ററുകളില്‍ ഒന്നിലും പ്രദര്‍ശനമില്ല. പാര്‍ക്കിംഗിലും വെളളം കെട്ടി നില്‍ക്കുകയാണ്.
21 ദുരിതാശ്വാസ ക്യാമ്പുകള്‍
മീനച്ചില്‍ താലൂക്കില്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു വരുന്നതായി മീനച്ചില്‍ തഹല്‍സില്‍ദാര്‍ അറിയിച്ചു. 21 ക്യാമ്പുകളിലായി 755 ദുരിതബാധിതരാണ് സുരക്ഷിതരായി കഴിയുന്നത്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും അടിസ്ഥാന സൗകര്യങ്ങളും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ സംഘടനകളും ഏറ്റെടുത്ത് നടത്തുന്നുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മീനച്ചില്‍ താലൂക്കിലെ ഏഴ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 24 വീടുകള്‍ക്ക് ഭാഗികമായി കേടുപാട് സംഭവിച്ചിട്ടുണ്ട്. ജനപ്രതിനിധികളും റവന്യൂ അധികൃതരും വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്തി വരികയാണ്. പലഭാഗങ്ങളിലും വെള്ളക്കെട്ടായതിനാല്‍ കണക്കെടുപ്പ് ഭാഗികമായി പോലും പൂര്‍ത്തിയായിട്ടില്ല.
Tags : Nattuvishesham District News Pala water again...