ഗുരുവായൂർ: ക്ഷേത്രോത്സവത്തി ലെ പ്രധാന ചടങ്ങായ ഉത്സവബലി ഇന്നലെ നടന്നു. ഇന്നാണ് ഭഗവാന്റെ പള്ളിവേട്ട.
ഉത്സവത്തിന്റെ എട്ടാംദിവസമായ ഇന്നലെ രാവിലെ പന്തീരടിപൂജയ്ക്കുശേഷമാണ് ഉത്സവബലി തുടങ്ങിയത്. ക്ഷേത്രംതന്ത്രി ചേന്നാസ് ദിനേശൻ നന്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ തന്ത്രി ചേന്നാസ് കൃഷ്ണൻ നന്പൂതിരിപ്പാട് ചടങ്ങുകൾ നിർവഹിച്ചു. ഉത്സവബലിയോടനുബന്ധിച്ച് ഇന്നലെ ഗുരുവായൂരിൽ ദേശപ്പകർച്ചയായിരുന്നു. പായസം ഉൾപ്പെടെയുള്ള സദ്യവട്ടമാണു നൽകിയത്.
പള്ളിവേട്ടദിനത്തിൽ ഗുരുവായൂരപ്പൻ ശ്രീലകംവിട്ട് ഗ്രാമപ്രദക്ഷിണത്തിനായി പുറത്തേക്കെഴുന്നള്ളും. വൈകീട്ട് അഞ്ചിനു ശ്രീഭൂതബലി, തുടർന്ന് കൊടിമരത്തിനുസമീപം ഭഗവാനെ എഴുന്നള്ളിച്ചുവയ്ക്കും. പള്ളിവേട്ടയ്ക്കും ആറാട്ടിനും കൊടിമരത്തിനുസമീപം പഴുക്കാമണ്ഡപത്തിലാണു ദീപാരാധന. ശാന്തിയേറ്റ കീഴ്ശാന്തി നന്പൂതിരിയാണു ചടങ്ങ് നിർവഹിക്കുക.
ദീപാരാധനയ്ക്കുശേഷം നടക്കുന്ന പുറത്തേക്കെഴുന്നള്ളത്തിനു പെരുവനം കുട്ടൻമാരാരുടെ മേളം അകന്പടിയാകും. നിറപറ ഒരുക്കി ഭക്തർ വരവേൽക്കും. എഴുന്നള്ളിപ്പ് കുളപ്രദക്ഷിണം പൂർത്തിയാക്കിയശേഷമാണു പള്ളിവേട്ട. പള്ളിവേട്ടയ്ക്കു നിയോഗിച്ച പിടിയാന നന്ദിനിയുടെ പുറത്ത് ഭഗവാന്റെ തിടന്പ് എഴുന്നള്ളിച്ച് കിഴക്കേഗോപുരത്തിലേക്കു കൊണ്ടുവരും.
പക്ഷിമൃഗാദികളുടെ വേഷംകെട്ടിയ ഭക്തർ മുന്നിലും ഭഗവാൻ ആനപ്പുറത്തു പിന്നിലുമായിഒന്പത് ഓട്ടപ്രദക്ഷിണം പൂർത്തിയാക്കും. അവകാശിയായ പന്നിയെ മുളന്തണ്ടിലേറ്റി കൊണ്ടുപോകുന്നതോടെ പള്ളിവേട്ട പൂർത്തിയാകും. പള്ളിവേട്ട കഴിഞ്ഞു ക്ഷീണിതനായ ഭഗവാൻ ക്ഷേത്രത്തിനു പുറത്താണ് പള്ളിക്കുറുപ്പ് കൊള്ളുക. നാളെ ആറാട്ടിനുശേഷം ഉത്സവം കൊടിയിറങ്ങും.
പള്ളിവേട്ട എഴുന്നള്ളിപ്പിനുകൊമ്പൻ ഇന്ദ്രസെൻ, ആറാട്ടിന് ദാമോദർദാസ്
ഗുരുവായൂർ: ക്ഷേത്രോൽസവത്തിലെ ആറാട്ട്, പള്ളിവേട്ട എഴുന്നള്ളിപ്പുകൾക്കുള്ള ഗജവീരൻമാരെ ദേവസ്വം വിദഗ്ധസമിതി തീരുമാനിച്ചു. നാളെ നടക്കുന്ന പള്ളിവേട്ടയ്ക്ക് പുറത്തേക്കെഴുന്നള്ളിപ്പിന് കൊമ്പൻ ഇന്ദ്രസെൻ കോലമേറ്റും.
പറ്റാനകളായി ഗോപീകൃഷ്ണൻ, വിഷ്ണു, കൃഷ്ണനാരായണൻ, ബാലു എന്നീ ആനകളെയാണ് നിശ്ചയിച്ചിട്ടുള്ളത്. പള്ളിവേട്ടയ്ക്ക് ഓട്ട പ്രദക്ഷിണത്തിന് പിടിയാന ദേവിയാണ് തിടമ്പേറ്റുക. ഉത്സവസമാപനദിനമായ നാളെ നടക്കുന്ന ആറാട്ടിൽ കൊമ്പൻ ദാമോദർദാസ് കോലം എഴുന്നള്ളിക്കും.
സിദ്ധാർഥൻ, രവികൃഷ്ണൻ, ഗോപീകൃഷ്ണൻ, അക്ഷയ്കൃഷ്ണൻ എന്നിവർ കൂട്ടാനകളാകും. ആറാട്ടിനുശേഷം ക്ഷേത്രത്തിനുള്ളിലെ ഓട്ട പ്രദക്ഷിണത്തിന് പിടിയാന ദേവിയാണ് തിടമ്പേറ്റുന്നത്. ഗോപീകൃഷ്ണൻ കരുതൽആനയായുണ്ടാകും.
ഗുരുവായൂരപ്പന് ഇന്നു ശ്രീകോവിലിനുപുറത്ത് പള്ളിയുറക്കം
ഗുരുവായൂര്‍: പള്ളിവേട്ടകഴിഞ്ഞു ക്ഷീണിതനായ ഭഗവാന് ഇന്നു ശ്രീകോവിലിനുപുറത്ത് പള്ളിയുറക്കം.ശ്രീകോവിലിനുമുന്നിലെ നമസ്കാരമണ്ഡപത്തില്‍ പ്രത്യേകം ശയ്യാഗൃഹം തയാറാക്കി അതിലാണ് ഭഗവാന് പള്ളിക്കുറുപ്പ് കൊള്ളുന്നത്. സ്വര്ണക്കട്ടിലും വെല്‍വറ്റ് മെത്തയും തലയിണയുംവച്ച് ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പ് കിടത്തും. ചുറ്റും ധാന്യങ്ങള്‍ മുളയിട്ടുനിരത്തും.
കാടിന്റെ സങ്കല്‍പ്പത്തിനാണ് ധാന്യങ്ങള്‍ മുളയിട്ടു ചുറ്റിലും നിരത്തുന്നത്. കഴകക്കാര്‍ ഭഗവാനു കാവല്‍ നില്ക്കും. ഭഗവാനു നിദ്രാഭംഗം വരാതിരിക്കാന്‍ ക്ഷേത്രം പരിപൂര്ണനിശബ്ദമാവും. ക്ഷേത്രത്തിലെ നാഴികമണിപോലും ഇന്നു ശബ്ദിക്കില്ല. ആറാട്ടുദിവസം രാവിലെ പശുക്കുട്ടിയുടെ കരച്ചില്‍കേട്ടാണ് ഭഗവാന് ഉണരുക. ഇതിനായി പശുക്കുട്ടിയെയും തയാറാക്കിനിര്‍ത്തും.
പശുക്കുട്ടിയുടെ കരച്ചില് കേട്ടുണരുന്ന ഭഗവാനു കടലാടിച്ചമതകൊണ്ട് പല്ലുതേപ്പിച്ച് പ്രത്യേകം തയാറാക്കുന്ന താമരപ്പൊയ്കയില്‍ നീരാട്ടുനടത്തി പുരാണം വായിച്ചുകേള്‍പ്പിച്ച് ശ്രീകോവിലിലേക്കെഴുന്നള്ളിക്കും.ആറാട്ടുദിവസമായ നാളെ രാവിലെ നിര്‍മാല്യം, വാകച്ചാര്‍ത്ത് എന്നീ ചടങ്ങുകള്‍ ഉണ്ടാവില്ല. ആറാട്ടുദിവസം രാവിലെ എട്ടിനുശേഷംമാത്രമേ ക്ഷേത്രത്തിലേക്കു ഭക്തര്‍ക്കു പ്രവേശനം അനുവദിക്കുകയുള്ളൂ.
Tags : nattu vishesham pallivetta Guruvayur