ഊട്ടുതിരുനാളിന്റെ കലവറ സജീവമായപ്പോൾ.
പാവറട്ടി: വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന്റെ കലവറ സജീവമായി. പാവറട്ടി സെന്റ്് ജോസഫ് തീർഥകേന്ദ്രം വികാരി ഫാ. ആന്റണി ചെമ്പകശേരി പച്ചക്കറികളും പലവ്യഞ്ജനങ്ങളും ആശീർവദിച്ചു നൽകി.
ചെത്ത് മാങ്ങ അച്ചാർ തയാറാ ക്കുന്ന ജോലികളാണ് ആദ്യം ആ രംഭിച്ചത്. ഇതിനാവശ്യമായ 3000 കിലോ മാങ്ങ ഊട്ടുശാലയിലെത്തി. ഊട്ടുതിരുനാളിന് ആവശ്യമായ പച്ചക്കായ 2500 കിലോ, മറ്റ് പച്ചക്കറികൾ 2000 കിലോ, 275 ചാക്ക് അരി തുടങ്ങിയവ ഇന്നു രാവിലെ ഊട്ടു ശാലയിൽ എത്തും. ചോറ്, സാമ്പാർ, ഉപ്പേരി, അച്ചാർ, കാളൻ എന്നിവ അടങ്ങുന്നതാണ് നേർച്ച ഭക്ഷണം.
പാവറട്ടി സ്വദേശി സമുദായമഠത്തിൽ വിജയനാണു സദ്യയുടെ പ്രധാന ചുമതല. വിജയന്റെ നേതൃത്വത്തിൽ 150 ഓളം തൊഴിലാളികൾ പാചകപ്പുരയിൽ സജീവമാകും. നാളെ രാവി ലെ 10ന് ആഘോഷമായ തിരുനാൾ കുർബാന തുടർന്ന് ഊട്ടുഭക്ഷണ ആശീർവാദവും ഭക്ഷണ വിതരണവും. നേർച്ചയൂട്ട് ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുവരെ തുടരും.
ശനിയും ഞായറുമായി രണ്ടുലക്ഷത്തോളംപേർ നേർച്ചയൂട്ടിന് എത്തിച്ചേരുമെന്നാണു പ്രതീക്ഷിക്കുന്നത്. കെ.ഡി. ജോസഫ് - അരിവയ്പ്, പി.എൽ. ജെയിംസ് - കറിവയ്പ്, ആൽബർട്ട് തരകൻ - കലവറ എന്നീ മൂന്നു കൺവീനർമാരാണ് നേർച്ചയൂട്ടിന്റെ മേൽനോട്ടം വഹിക്കുന്നത്.
ഊട്ടുതിരുനാളിന് എത്തിച്ചേരാൻ കഴിയാത്തവർക്കായി അരി, അവിൽ, ഭക്ഷണ പായ്ക്കറ്റുകളും തിരുനാൾ ദിവസങ്ങളിൽ ലഭിക്കും.
ജനപ്രതിനിധികളുടെ നേതൃത്വത്തിൽ
പാവറട്ടി സെന്ററും പരിസരവും വൃത്തിയാക്കി
പാവറട്ടി: തിരുനാളിനോടനുബന്ധിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പാവറട്ടി സെന്ററും പരിസരങ്ങളും വൃത്തിയാക്കി. പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ആന്റോ ലിജോ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.
പാവറട്ടി തിരുനാളിന് ഹരിത പ്രോട്ടോകോൾ എല്ലാവരും പാലിക്കണമെന്ന സന്ദേശം ഓർമപ്പെടുത്തിക്കൊണ്ടാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തിയത്. റോഡ് സൈഡിൽ കിടക്കുന്ന പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും ശേഖരിക്കുകയും പുല്ല് വളർന്നതു വെട്ടി വൃത്തിയാക്കുകയും ചെയ്തു.
വൈസ് പ്രസിഡന്റ് റംസിയ മുജീബ്, ജനപ്രതിനിധികളായ വി.ജെ. വർഗീസ്, ഉമ്മർ സലീം, സുഹ്റാബി ഹമീദ്, സരിത രാജീവ്, സുമയ്യ തറയിൽ, ബിന്ദു സാംസൻ, ധന്യ സിബിൽ, ജിൽസ് പാവറട്ടി, ഹബീബ് ഇബ്രാഹിം, അഭിനി ശശി, കമാലുദീൻ തോപ്പിൽ, കെ.സി. കാദർമോൻ തുടങ്ങിയവരും ഹരിതകർമസേന അംഗങ്ങളും ശുചീകരണപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.