പ്രതീകാത്മക ചിത്രം
കൊച്ചി: ട്രെയിനിൽ കയറാൻ നിന്ന ആശ്രമവാസിയെ ടിക്കറ്റ് പരിശോധകന് എന്ന വ്യാജേന പരിചയപ്പെട്ട് മൊബൈല്‍ഫോണ്‍ കവര്‍ന്ന കേസില്‍ അറസ്റ്റിലായ യുവാവ് റിമാന്‍ഡില്‍. വടക്കന്‍ കേരളത്തിൽ നിരവധി മോഷണക്കേസുകളിലെ പ്രതി കോഴിക്കോട് നല്ലളം പൂവാട്ടുപറമ്പ് പെരുമണ്ണ കമ്മാനമീത്തല് വീട്ടില്‍ കെ.പി. പ്രശാന്താണ് (43) കഴിഞ്ഞ ദിവസം ആലുവ റെയില്‍വേ സ്റ്റേഷനിലെ പാഴ്സല്‍ ഓഫിസിനു സമീപം പിടിയിലായത്.
തിങ്കളാഴ്ച രാത്രി ഷൊര്‍ണൂരിലേക്ക് പോകാന്‍ മൂന്നാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ കാത്തുനിന്ന ഷൊര്‍ണൂരിലെ ആശ്രമവാസിയുടെ ഫോണ്‍ ആണ് ഇയാള്‍ കവര്‍ന്നത്. ടിക്കറ്റ് പരിശോധകനാണെന്ന് പറഞ്ഞ് സ്വാമിയുമായി സംസാരിച്ചുകൊണ്ടിരിക്കെ, അദ്ദേഹത്തിന്റെ ശ്രദ്ധതിരിഞ്ഞപ്പോള്‍ ഫോണുമായി കടന്നുകളയുകയായിരുന്നു. പരാതിയെ തുടര്ന്ന്ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്ക്വാഡും ആര്‍പിഎഫും നടത്തിയ തെരച്ചിലില്‍ മണിക്കൂറുകള്‍ക്കകം പ്രതി പിടിയിലായി. സ്വാമിയില്‍നിന്ന് കവര്‍ന്ന ഫോണ്‍ ഉള്‍പ്പെടെ മൂന്നു മൊബൈലുകളും 41,800 രൂപയും റിസ്റ്റ് വാച്ചും ഇയാളില്‍നിന്ന് കണ്ടെത്തി.
ആളുകളുമായി സൗഹൃദം സ്ഥാപിച്ച് കവര്‍ച്ച നടത്തുന്നതാണ് ഇയാളുടെ രീതി. സംസ്ഥാനത്തെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ 18 കേസുകളുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews accused