കളക്ടർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ യോഗം.
മലപ്പുറം: ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന ബസുകൾ ദേശീയപാതയിൽനിന്ന് ആളെ കയറ്റുന്നതിനോ ഇറക്കുന്നതിനോ നിർത്താൻ പാടില്ല. സർവീസ് റോഡുകളിൽ അനുവദിച്ച സ്റ്റോപ്പുകളിൽനിന്ന് മാത്രമാകണം ആളുകളെ കയറ്റുന്നതും ഇറക്കുന്നതും. ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ റോഡ് സുരക്ഷാ സമിതിയുടെ യോഗത്തിലാണ് നിർദേശം. ജില്ലയിലൂടെ കടന്നുപോകുന്ന എൻഎച്ച് 66 ദേശീയപാതയിൽ വിവിധ സ്ഥലങ്ങളിൽ മഴവെള്ളം കെട്ടിനിൽക്കുന്നതു സംബന്ധിച്ചും പാർക്കിംഗ് ഏരിയ ലഭ്യമാക്കുന്നതിനും ആവശ്യമായ പഠന റിപ്പോർട്ട് സമർപ്പിക്കുന്നതിന് പോലീസ്, മോട്ടോർ വാഹന വകുപ്പ്, ദേശീയപാത അഥോറിറ്റി തുടങ്ങിയവർ ഉൾപ്പെടുന്ന സമിതിയെ ചുമതലപ്പെടുത്തി.
ദേശീയപാതയിലേക്കുള്ള സർവീസ് റോഡുകൾ നിലവിൽ വണ്‍വേ ആയി നിജപ്പെടുത്തിയത് സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കാനും തീരുമാനിച്ചു. ദേശീയപാതയിലെ വെട്ടിച്ചിറ ടോൾ പ്ലാസയിൽ ആംബുലൻസ് ഉൾപ്പെടെയുള്ള എമർജൻസി വാഹനങ്ങൾക്ക് കടന്നുപോകുന്നതിനായി ഇരുവശത്തും ഓരോ ട്രാക്ക് അനുവദിക്കേണ്ടതാണെന്നും യോഗം നിർദേശിച്ചു.
ജില്ലയിൽ സാധ്യമായ സ്ഥലങ്ങളിൽ എല്ലാം ഭിന്നശേഷി സൗഹൃദ പൊതുനിരത്തുകൾ, ശുചിമുറികൾ തുടങിയവ മാതൃകാപരമായി നടപ്പാക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. ദേശീയപാതയിൽ അപകടത്തിൽ പെടുന്ന ചെറുവാഹനങ്ങളുടെ റിക്കവറിക്കായി സംവിധാനം ഒരുക്കുന്നതിന് ദേശീയപാത അഥോറിറ്റിക്ക് നിർദേശം നൽകി.
ജില്ലയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് എമർജൻസി ആക്സിഡന്റ് റെസ്പോണ്‍സിന് പരിശീലനം നൽകുന്നതിന് മോട്ടോർ വാഹന വകുപ്പിനെയും പോലീസിനെയും ചുമതലപ്പെടുത്തി. ജില്ലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ എമർജൻസി ആക്സിഡന്റ് റെസ്പോണ്‍സിനായി പ്രത്യേക ടീം ഒരുക്കുന്നതിന് പഠന റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചു.
മഞ്ചേരി നെല്ലിപ്പറന്പ് ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് ഉടൻ സ്ഥാപിക്കാൻ നഗരസഭയെ ചുമതലപ്പെടുത്തി. കൂടാതെ ജില്ലാ റോഡ് സുരക്ഷാ സമിതിയുടെ 19 നിർദേശങ്ങളിൽ തീരുമാനമെടുത്തു.
ജില്ലാ റോഡ് സുരക്ഷാ സമിതി കണ്‍വീനർ ടി.പി. യൂസഫ് ആർടിഒ (എൻഫോഴ്സ്മെന്റ്), അംഗങ്ങളായ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, മലപ്പുറം ആർടിഒ വി. ജോയ് വിവിധ വകുപ്പികളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Tags : Nattuvishesham Districtnews Picking