കോട്ടയം: ഇന്നേക്ക് ആറാം നാള് തദ്ദേശ ജനവിധിയാണ്. സ്ഥാനാര്‍ഥികളുടെ ഓട്ടപ്രദക്ഷിണം പോലെ രാപകല്‍ അധ്വാനത്തിലാണു ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍. ജില്ലാതലത്തില്‍ തുടങ്ങി ഓരോ ബൂത്തിലും ലഭിക്കേണ്ട രേഖകളും വോട്ട് രേഖപ്പെടുത്താനുള്ള യന്ത്രസംവിധാനങ്ങളും ബൂത്ത് തല സാമഗ്രികളും ക്രമീകരിക്കാനുള്ള ഭാരിച്ച ജോലിയിലാണ് ഉദ്യോഗസ്ഥര്‍.
വോട്ടിംഗ് യന്ത്രങ്ങള്‍ ഏറ്റുമാനൂരിലെ ജില്ലാ വെയര്‍ഹൗസില്‍നിന്ന് ബ്ലോക്ക്, മുനിസിപ്പാലിറ്റി തലങ്ങളിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് വിതരണം ചെയ്തുകഴിഞ്ഞു. വെള്ളിയാഴ്ചവരെ ബ്ലോക്ക്, മുനിസിപ്പല്‍ തലങ്ങളിലെ വിതരണ കേന്ദ്രങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടക്കും. വോട്ടിംഗ് യന്ത്രത്തിന്റെ 1925 കണ്ട്രോള് യൂണിറ്റുകളും 5775 ബാലറ്റ് യൂണിറ്റുകളുമാണ് ജില്ലയിലേക്ക് വേണ്ടത്. നിലവില്‍ 3404 കണ്ട്രോള് യൂണിറ്റുകളും 9516 ബാലറ്റ് യൂണിറ്റുകളും കമ്മീഷനിംഗിനായി സജ്ജമാക്കിയിട്ടുണ്ട്.
പ്രിസൈഡിംഗ് ഓഫീസര്‍, ഒന്നാം പോളിംഗ് ഓഫീസര്‍, രണ്ടാം പോളിംഗ് ഓഫീസര്‍, മൂന്നാം പോളിംഗ് ഓഫീസര്‍ എന്നീ ചുമതലകളില്‍ 1925 ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നത്. ഓരോ വിഭാഗത്തിലും 385 ഉദ്യോഗസ്ഥരെ റിസര്‍വായി ഉള്‍പ്പെടുത്തും. ജില്ലയില്‍ ആകെ 89 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 1611 നിയോജക മണ്ഡലങ്ങളില്‍ 5281 പേരാണ് ഒന്‍പതിന് ജനവധി തേടുന്നത്. ഇവരില്‍ 2823 പേര് സ്ത്രീകളും 2458 പേര് പുരുഷന്മാരുമാണ്. ജില്ലയില്‍ ആകെ 16,41,176 വോട്ടര്‍മാരാണുള്ളത്.
Tags : Preparations nattuvisesham local news