ബസ് സർവീസ് ദീപക് ജോയ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ എരൂർ വഴി എറണാകുളത്തേക്ക് കെഎസ്ആർടിസി പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചു. ആദ്യയാത്ര എരൂരിൽ നിന്ന് ദീപക് ജോയ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. എരൂർ കോഴിവെട്ടുംവെളിയിൽ നടന്ന പരിപാടിയിൽ ട്രാൻസ്പോർട്ട് ഓഫീസർ എ. അജിത് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ പ്രവീൺ പറയന്താനത്ത്, പി.ബി.സതീശൻ, മധുസൂദനൻ പി.ബി, ശ്രീലത മധുസൂദനൻ, പ്രസീത മിജു, രജനി ഭരത്കുമാർ, കൊച്ചി കോർപ്പറേഷൻ ടൗൺ പ്ലാനിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എം.നസീമ തുടങ്ങിയവർ പങ്കെടുത്തു.
തൃപ്പൂണിത്തുറയിൽ നിന്നാരംഭിച്ച് എരൂർ, വെണ്ണല, പാലാരിവട്ടം വഴി കലൂരിലെത്തും. കലൂരിൽ നിന്ന് പാലാരിവട്ടം, വെണ്ണല, എരൂർ വഴി തൃപ്പൂണിത്തുറയിലേക്കും. തിരിച്ച് തൃപ്പൂണിത്തുറയിൽ നിന്ന് വീണ്ടും എരൂർ, കലൂർ, ഹൈക്കോടതി, മേനക വഴി എറണാകുളം ജെട്ടി സ്റ്റാൻഡിലേക്കുമായാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെയും വൈകീട്ടും സർവീസ് ഉണ്ടാവും.