തൊടുപുഴ: ഇടവേളയ്ക്കു ശേഷം ഇടുക്കിയില്‍ മഴ ശക്തമായി. ഇന്നലെയും ഇന്നും ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ രാവിലെ ജില്ലയില്‍ പരക്കെ മഴ ലഭിച്ചെങ്കിലും ഉച്ചയോടെ കുറഞ്ഞു. വൈകുന്നേരത്തോടെ വീണ്ടും മഴ ശക്തമായി. പദ്ധതിപ്രദേശത്തും ഇന്നലെ ശക്തമായ മഴ രേഖപ്പെടുത്തി. ഇടുക്കി അണക്കെട്ടില്‍ ഒരുദിവസത്തിനിടെ ഒരടിയോളം വെള്ളം ഉയര്‍ന്നു. വ്യാഴാഴ്ച 2330.08 അടിയായിരുന്നു ജലനിരപ്പ്.
ഇന്നലെ രാവിലെ ഏഴിന് 2330.90 അടിയായി ഉയര്‍ന്നിട്ടുണ്ട്. മഴക്കാലം ആരംഭിച്ചതിനു ശേഷം ഇതുവരെ ഒമ്പതടി വെള്ളംമാത്രമാണ് അണക്കെട്ടില്‍ ഉയര്‍ന്നത്. പദ്ധതി പ്രദേശത്ത് മഴ ശക്തമായതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ ശക്തിയും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കനത്തമഴയില്‍ കൊച്ചി-ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായ ചീയപ്പാറയ്ക്കു സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു.
മഴ തുടരുന്നതിനാല്‍ മൂന്നാര്‍ മേഖലയിലും മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗത്തെ ദേശീയപാതയുടെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇന്നലെ ജില്ലയിലെ ആലടിയില്‍ 32.2 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി.
ആനവിലാസം-34.6, കട്ടപ്പന-30, കുളമാവ്-69, മീന്മുട്ടി-64.8, ഉടുമ്പന്‍ചോല-25, ഇടുക്കി-57.4 എന്നിങ്ങനെയാണ മറ്റിടങ്ങളില്‍ ലഭിച്ച മഴയുടെ അളവ്. കല്ലാര്‍കുട്ടി ഡാമില്‍ ജലനിരപ്പുയര്ന്നതിനെത്തുടര്ന്നു ഇന്നലെ വൈകുന്നേരം ആറുമുതല്‍ ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തി 500 ക്യുമെക്സ് വരെ ജലം പുറത്തേക്ക് ഒഴുക്കിതുടങ്ങി. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.