എടായിപ്പാലത്ത് റോഡിലേക്ക് വീണ മണ്ണ് നീക്കം ചെയ്തപ്പോൾ.
മലപ്പുറം: കനത്ത മഴയെത്തുടർന്ന് പാണക്കാട് എടായിപ്പാലത്തുണ്ടായ കുന്നിടിച്ചിലിൽ റോഡിൽ അടിഞ്ഞുകൂടിയ വൻതോതിലുള്ള മണ്ണും പാറക്കല്ലുകളും മരങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. റോഡിലെ തടസങ്ങൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഇന്നലെ മഴ മാറിനിന്നതോടെ ഫയർഫോഴ്സിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ യന്ത്രസാമഗ്രികൾ ഉപയോഗിച്ചുള്ള പ്രവൃത്തികൾ ഉൗർജിതമാക്കുകയായിരുന്നു. റോഡിനോട് ചേർന്ന് ഇരുവശങ്ങളിലുമായി അടിഞ്ഞുകിടക്കുന്ന മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികളാണ് നടക്കുന്നത്.
വീണ്ടും മഴ പെയ്താൽ മണ്കൂന താഴേക്ക് ഇടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ കുന്നിടിഞ്ഞ ഭാഗത്തെ ഇളകി നിൽക്കുന്ന മണ്ണ് പൂർണമായും മാറ്റുമെന്ന് മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ എം.അബ്ദുൾ ഗഫൂർ പറഞ്ഞു
ജിയോളജി വകുപ്പ് നിശ്ചയിച്ച കേന്ദ്രങ്ങളിലേക്കാണ് മണ്ണ് മാറ്റുന്നത്. കടലുണ്ടിപുഴയുടെ സമീപപ്രദേശമായതിനാൽ അവിടെ മണ്ണ് നിക്ഷേപിക്കുന്നത് ഭാവിയിൽ കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നതിനാലാണ് ഈ മുൻകരുതൽ. കുന്നിടിഞ്ഞ ഭാഗത്ത് സുരക്ഷാ പരിഗണന മുൻനിർത്തി വലിയ പാറക്കല്ലുകൾ ഉപയോഗിച്ച് താത്കാലികമായി മതിൽ പണിയാനും പദ്ധതിയുണ്ട്. ദുരന്തത്തിൽ തകർന്നു വീണ വൈദ്യുത തൂണുകൾ പുനഃസ്ഥാപിച്ചു.
റോഡിലെ തടസങ്ങൾ നീക്കിയെങ്കിലും ജിയോളജി വകുപ്പിന്റെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നായിരിക്കും മലപ്പുറം-പരപ്പനങ്ങാടി റൂട്ടിൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക. നിലവിൽ ഇതുവഴിയുള്ള വാഹനങ്ങൾ മറ്റു വഴികളിലൂടെ തിരിച്ചുവിട്ടിരിക്കുകയാണ്. അപകടാവസ്ഥ നിലനിൽക്കുന്നതിനാൽ പ്രദേശത്തെ 200 മീറ്റർ ചുറ്റളവിലുള്ള മുപ്പതോളം കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കും ദുരിതാശ്വാസ ക്യാന്പുകളിലേക്കും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
Tags : Nattuvishesham Local News Mud trees Edayapalam