ശ്രീകണ്ഠപുരം നഗരസഭയിലെ മഴക്കെടുതി വിലയിരുത്താൻ ചേർന്ന പ്രത്യേക യോഗത്തിൽ സജീവ് ജോസഫ് എംഎൽഎ പ്രസംഗിക്കുന്നു.
ശ്രീകണ്ഠപുരം: കാലവർഷക്കെടുതിയിലെ നാശനഷ്ടം വിലയിരുത്താൻ ശ്രീകണ്ഠപുരം നഗരസഭ യിൽ പ്രത്യേക യോഗംചേർന്നു. നഗരസഭാ ഹാളിൽ സജീവ് ജോസഫ് എംഎൽഎയുടെ അധ്യക്ഷത യിലായിരുന്നു യോഗം. കനത്ത മഴയെ തുടർന്ന് പുഴയിലെ ജലനിരപ്പ് ഉയർന്ന് വെള്ളം ശ്രീകണ്ഠപുരം ടൗണിലേക്ക് കയറിയതോടെ നിരവധി വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിനടിയിലാവുകയും വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്തു. കടകളിലെ സാധന സാമഗ്രികളും ഉപകരണങ്ങളും നശിച്ചതടക്കമുള്ള വിഷയങ്ങൾ വ്യാപാരി സംഘടനാ പ്രതിനിധികൾ യോഗത്തിൽ അവതരിപ്പിച്ചു.
നഗരസഭയിലെ വിവിധ വാർഡുകളിൽ ഉണ്ടായ നാശനഷ്ടങ്ങളും യോഗം വിശദമായി വിലയിരുത്തി. വീടുകൾ, റോഡുകൾ, പാലങ്ങൾ, പൊതുമുതലുകൾ എന്നിവയ്ക്കുണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികളും ഉദ്യോഗസ്ഥരും റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് തയാറാക്കി സർക്കാരിന് സമർപ്പിക്കുന്നതിനും, ദുരിതബാധി തർക്കും നഷ്ടം സംഭവിച്ച വ്യാപാരികൾക്കും അർഹമായ നഷ്ടപരിഹാരവും മറ്റ് സഹായങ്ങളും സമയബന്ധിതമായി ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എംഎൽഎ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
തകർന്ന റോഡുകൾ, പാലങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണം അടിയന്തരമായി ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തബാധിത മേഖലകളിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ഏകോപിതമായി പ്രവർത്തിക്കണമെന്നും വിവിധ വാർഡുകളിൽ നിന്നുള്ള നിർദേശങ്ങളും പരാതികളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എംഎൽഎ അറിയിച്ചു.
യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ, നഗരസഭാ സെക്രട്ടറി ടി.വി. നാരായണൻ, വൈസ് ചെയർ പേഴ്സൺ നിഷിത റഹ്മാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സിന്ധു മധുസൂദനൻ, കെ. ബിജു, ആൻസി കൊല്ലമന, റവന്യൂ വകുപ്പ് ഉദ്യേഗസ്ഥർ, ആരോഗ്യവകുപ്പ് ഉദ്യേഗസ്ഥർ, മററു കൗൺസിലർമാർ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, വ്യാപാരി ഏകോപന സമിതി, വ്യാപാര സമിതി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.