രാജേന്ദ്രന് നായര്‍ പച്ചക്കറിത്തോട്ടത്തില്‍.
തൊടുപുഴ: പാട്ടത്തിനെടുത്ത ഭൂമിയില്‍ പച്ചക്കറികൃഷി നടത്തി വിജയഗാഥ രചിക്കുകയാണ് കരിമണ്ണൂര്‍ പഞ്ചായത്തിലെ പന്നൂര് പനച്ചിക്കുന്നേല്‍ രാജേന്ദ്രന് നായര്‍. ഇരുപതാം വയസില്‍ കൃഷിയിടത്തിലിറങ്ങിയ ഇദ്ദേഹം 36 വര്‍ഷമായി ഈ രംഗത്ത് തുടരുകയാണ്. പലപ്പോഴും പ്രതികൂല കാലാവസ്ഥമൂലം പച്ചക്കറി കൃഷി നഷ്ടമായിട്ടുണ്ടെങ്കിലും ഈ രംഗത്തോടു വിട പറയാതെ കൃഷിയില്‍ ഉറച്ചുനില്‍ക്കുന്നതാണ് രാജേന്ദ്രന് നായരുടെ വിജയ രഹസ്യം. വിഎഫ്പിസികെയുടെ ഉടുമ്പന്നൂരിലെ കര്‍ഷക വിപണിവഴി പ്രതി വര്‍ഷം 25 ടണ്ണോളം പച്ചക്കറിയാണ് ഇദ്ദേഹം വിറ്റഴിക്കുന്നത്.
വര്‍ഷംതോറും നേടുന്നത് ആറു ലക്ഷത്തിലധികം രൂപയുടെ വരുമാനം. ഓണം ഉള്‍പ്പെടെയുള്ള സീസണുകളിലാണു കൂടുതല്‍ വരുമാനം ലഭിക്കുന്നത്. ഈ വര്‍ഷം 12 ലക്ഷം രൂപയുടെ വരുമാനം ലക്ഷ്യമിട്ടാണ് രാജേന്ദ്രന്‍നായര്‍ പച്ചക്കറി കൃഷിയിറക്കിയിരിക്കുന്നത്.
കൃഷി പാട്ടഭൂമിയില്‍ മാത്രം
ഇരുപതു വയസു മുതല്‍ പാട്ടത്തിനെടുക്കുന്ന ഭൂമിയിലാണ് പച്ചക്കറി കൃഷി നടത്തുന്നത്. ചെറിയ തോതില്‍ ഭൂമി പാട്ടത്തിനെടുത്തായിരുന്നു ആദ്യഘട്ടത്തില്‍ കൃഷിയാരംഭിച്ചത്. തുടക്കത്തില്‍ കാര്യമായ വരുമാനം ലഭിച്ചില്ലെങ്കിലും പ്രതീക്ഷ കൈവിടാതെ കൂടുതല്‍ ഊര്‍ജസ്വലമായി കൃഷിയിലേക്കു മുന്നിട്ടിറങ്ങുകയായിരുന്നു. ഇപ്പോള്‍ വിവിധയിടങ്ങളിലായി മൂന്നേക്കറോളം സ്ഥലം പാട്ടത്തിനെടുത്താണു പച്ചക്കറിയും വാഴയും കൃഷി ചെയ്യുന്നത്.
പന്തല്‍കൃഷി
പാവല്‍ കൃഷിയിലായിരുന്നു തുടക്കം. പിന്നാലെ പയറും പടവലവും കൃഷി ചെയ്തു തുടങ്ങി. പാവല്‍ വര്‍ഷത്തില്‍ ഒന്നും പയറും പടവലവും രണ്ടു സീസണിലും കൃഷി ചെയ്യും. പാട്ടത്തിനെടുക്കുന്ന ഭൂമിയില്‍ വെള്ളം ഒഴുകിപ്പോകാനുള്ള ചാലുകള്‍ തീര്‍ത്താണ് കൃഷിക്കു പര്യാപ്തമാക്കുന്നത്.
ഇരുമ്പു പൈപ്പുകളിലാണ് പന്തല്‍ നിര്‍മിക്കുന്നത്. ഇതിനു പുറമേ വാഴയും കൃഷി ചെയ്യുന്നുണ്ട്. നേന്ത്രവാഴയും റോബസ്റ്റയുമാണ് സാധാരണ കൃഷി ചെയ്യുന്നത്. നേന്ത്ര വാഴയുടെ ടിഷ്യു കള്‍ച്ചര്‍ വിത്താണ് ഉപയോഗിക്കുന്നത്. വാഴയില്‍നിന്നു മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നുണ്ട്. ഓരോ വര്‍ഷവും ഭൂമിയുടെ പാട്ടം പുതുക്കിയാണ് അടുത്ത കൃഷിയാരംഭിക്കുന്നത്.
വളപ്രയോഗം
പച്ചച്ചാണകവും കോഴിവളവുമാണ് പ്രധാനമായും ചെടികള്‍ക്കു നല്‍കുന്നത്. ഇതിനു പുറമേ ഫാക്ടംഫോസ്, പൊട്ടാഷ്, ഡിഎപി എന്നിവ മൂന്നു കിലോ വീതം 250 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് രണ്ടുലിറ്റര്‍ വീതം ഓരോ ചെടിയുടെയും ചുവട്ടില്‍ ഒഴിക്കും. വേനല്‍ക്കാലമായാല്‍ ആവശ്യത്തിന് ജലസേചനവും നടത്തും. കീട ശല്യം ഉണ്ടെങ്കില്‍ മാത്രം ഇവയെ ചെറുക്കാന്‍ മരുന്നു തളിക്കും. അപൂര്‍വമായി ബാധിക്കുന്ന അഴുകലിനെതിരേയും പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കും.
കര്‍ഷക വിപണി
ഉടുമ്പന്നൂരില്‍ പ്രവര്‍ത്തിക്കുന്ന വിഎഫ്പിസികെയുടെ കര്‍ഷക വിപണിയാണ് ഉത്പന്നങ്ങളുടെ പ്രധാന വില്‍പ്പന കേന്ദ്രം. പച്ചക്കറി കര്‍ഷകര്‍ക്ക് ആവശ്യമായ പിന്തുണ വിഎഫ്പിസികെ നല്കി വരുന്നുണ്ട്. വളവും പച്ചക്കറി വിത്തുകളും സബ്സിഡി നിരക്കില്‍ ലഭിക്കും. വര്‍ഷത്തില്‍ 12 മാസവും വിപണിയില്‍ ഉത്പന്നങ്ങള്‍ എത്തിക്കാന്‍ കഴിയുന്നുണ്ടെന്ന് രാജേന്ദ്രന്‍നായര്‍ പറയുന്നു. അതിനാല്‍ വിലയിടിയുന്ന സമയത്തും നഷ്ടംകൂടാതെ പിടിച്ചു നില്ക്കാന് കഴിയും.
പിന്തുണയുമായി കുടുംബം
രാജേന്ദ്രന്നായര്ക്കൊപ്പം ഭാര്യ പ്രസന്നയും കൃഷിയില്‍ മുഴുവന്‍ സമയവും സജീവമാണ്. കൂടുതല്‍ സമയവും കൃഷിയിടത്തിലെ എല്ലാ ജോലികളും ചെയ്യുന്നതും ഇവര്‍തന്നെയാണ്.
പച്ചക്കറിക്കു പുറമേ സ്വന്തമായുള്ള ഭൂമിയില്‍ കൊക്കോ, കമുക്, റംബുട്ടാന്, തെങ്ങ് എന്നിവയുടെ കൃഷിയുമുണ്ട്. നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയ മകള്‍ ഗായത്രിയും ഒഴിവു സമയങ്ങളില്‍ മാതാപിതാക്കള്‍ക്കൊപ്പം കൃഷിയിടത്തിലെത്തും.
Tags : Nattuvishesham DistrictNews DeepikaNews farming