നവരാത്രി വിഗ്രഹങ്ങള്‍ക്ക് കളിയിക്കാവിളയില്‍ സ്വീകരണം നൽകിയപ്പോൾ.
നെയ്യാറ്റിന്‍കര: അനന്തപുരിയിലേയ്ക്ക് എഴുന്നള്ളുന്ന നവരാത്രി വിഗ്രഹങ്ങള്‍ക്ക് സംസ്ഥാന അതിര്‍ത്തിയില്‍ സ്വീകരണം നൽകി. കളിയിക്കാവിളയില്‍ ഒരുക്കിയ സ്വീകരണ ചടങ്ങ് മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്തു. സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. എന്‍. ശക്തന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്. ഹീബ, മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍, നെയ്യാറ്റിന്‍കര സനല്‍, കന്യാകുമാരി ജില്ലാ കലക്ടര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
നിരവധി ഭക്തജനങ്ങളും കേരള, തമിഴ്നാട് പൊലിസ് സേനാംഗങ്ങളും ഘോഷയാത്രയില്‍ പങ്കെടുത്തു. വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍ ഘോഷയാത്രയിൽ അകന്പടിയായി. ഇന്നലെ രാവിലെ കുഴിത്തുറ ശ്രീ മഹാദേവക്ഷേത്രത്തിൽനിന്നും യാത്ര തുടര്‍ന്ന നവരാത്രി വിഗ്രഹങ്ങള്‍ ഉച്ചയോടെ പാറശാല ശ്രീ മഹാദേവ ക്ഷേത്രത്തിലെത്തി വിശ്രമിച്ചു. രാത്രിയോടെ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേര്‍ന്നു. കൃഷ്ണപുരം ഗ്രാമം ജംഗ്ഷനില്‍ നഗരസഭയുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തില്‍ നവരാത്രി വിഗ്രഹങ്ങള്‍ക്ക് വരവേല്‍പ്പ് നല്കി. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഇറക്കിപൂജയ്ക്കുശേഷം വിഗ്രഹങ്ങള്‍ ഇന്നു രാവിലെ ഏഴോടെ നെയ്യാറ്റിൻകരയിൽനിന്നും എഴുന്നള്ളത്ത് തുടരും.
നേമം വില്ലേജ് ഓഫിസിൽ വിശ്രമിച്ചശേഷം വൈകുന്നേരം നാലോടെ സരസ്വതിദേവിയും മുന്നൂറ്റിനങ്കയും കുമാരസ്വാമിയും അനന്തപുരിയിലേയ്ക്കു യാത്ര തുടരും. കരമന ആവുടൈയമ്മൻ കോവിലിൽ കുമാരസ്വാമിയെ പല്ലക്കിൽനിന്നും ഇറക്കി വെള്ളിക്കുതിരയില്‍ അലങ്കരിക്കും. പിന്നീട് മൂന്നു വിഗ്രഹങ്ങളും സന്ധ്യയോടെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിലെ നവരാത്രി മണ്ഡപത്തിൽ എത്തിചേരും.
സരസ്വതി ദേവിയെ നവരാത്രി പൂജയ്ക്കായി കുടിയിരുത്തിയശേഷം കുമാരസ്വാമിയെ ആര്യശാല ദേവിക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവീ ക്ഷേത്രത്തിലും പൂജയ്ക്കായി കുടിയിരുത്തും. തുടർന്ന് ഒൻപത് രാത്രിയും പത്തു പകലുകളുമായി നവരാത്രി പൂജ നടക്കും. 22ന് നല്ലിരിപ്പ്. 23ന് വിഗ്രഹങ്ങള്‍ മാതൃക്ഷേത്രങ്ങളിലേയ്ക്ക് തിരിച്ചെഴുന്നള്ളും.