സംസ്ഥാനപാതയിൽ വള്ളിയോട് കലുങ്കിലെ വെള്ളം ഒഴുകിപ്പോകാൻ നടത്തുന്ന പണികൾ.
വടക്കഞ്ചേരി: മംഗലം- ഗോവിന്ദാപുരം അന്തർസംസ്ഥാനപാതയിൽ വള്ളിയോട് തേവർകാട് കൺവെൻഷൻ സെന്ററിനു സമീപത്തെ കലുങ്ക് നിർമാണം പാളി. പ്രദേശത്തെ റോഡിലെ രൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കാനാണ് പാതയ്ക്കു കുറുകെയുള്ള കലുങ്ക് പുതുക്കിപ്പണിതത്.
കലുങ്ക് നിർമാണം പൂർത്തിയായെങ്കിലും കലുങ്കിലൂടെയുള്ള വെള്ളം എവിടേക്കൊഴുക്കുമെന്ന് പരിശോധിക്കാതെയുള്ള പണികളാണ് ഇപ്പോൾ പ്രശ്നമായിട്ടുള്ളത്.
വെള്ളം ഒഴുകാൻ പാതയോരത്തെ ഉയരക്കൂടുതലുള്ള ഭാഗത്തേക്ക് ഡ്രെയിനേജ് പണിയാൻ തട്ടടിച്ചപ്പോഴാണ് ബിജെപി ഉൾപ്പെടെയുള്ളവർ ഇതു തടഞ്ഞത്.
ഇത്തരത്തിൽ ഡ്രെയിനേജ് നിർമിച്ചാൽ വെള്ളം ഒഴുകിപ്പോകാതെ കലുങ്കിൽ കെട്ടിനിന്ന് മുമ്പത്തേക്കാൾ വലിയ വെള്ളക്കെട്ട് പ്രദേശത്തുണ്ടാകുമെന്ന് ബോധ്യപ്പെടുത്തിയപ്പോൾ പൊതുമരാമത്ത് വകുപ്പ് അധികൃതർക്കും തിരിച്ചറിവുണ്ടായി.
കലുങ്ക് നിർമിച്ചതിന് തൊട്ടുമുന്നിൽ ഇപ്പോൾ കടകളാണ്. ഇതിനാൽ കുറച്ചുമാറ്റി താഴേക്ക് വെള്ളം ഒഴുകാൻ സൗകര്യമൊരുക്കണം. വെള്ളം ഇനി സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ ഒഴുക്കിവിടാനേ കഴിയു. മറ്റു വഴികളില്ല. ഇതിനാണ് ഇപ്പോൾ പൊളിച്ചുപണി നടത്തുന്നത്.
കഴിഞ്ഞ ദിവസമാണ് കലുങ്ക് നിർമാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി ബിജെപി പ്രവർത്തകർ നിർമാണ പ്രവൃത്തികൾ തടഞ്ഞത്.
Tags : NattuVishesham DistrictNews