ഡോ.നന്ദകുമാർ കോറോത്തും സ്ഥലമുടമ സജിത് കുമാറും പരിശോധിക്കുന്നു.
കാഞ്ഞങ്ങാട്: നഗരസഭാ പരിധിയിലെ നിട്ടടുക്കത്ത് രണ്ടായിരം വർഷം മുമ്പ് മഹാശിലാ കാലഘട്ടത്തിൽ ജനങ്ങൾ അധിവസിച്ചിരുന്നതിന്റെ തെളിവായ ചെങ്കല്ലറ കണ്ടെത്തി. വിപ്രോ ഉദ്യോഗസ്ഥനായ നിട്ടടുക്കം ചിത്തിരയിലെ എൻ.സജിത് കുമാറിന്റെ വീട്ടുപറമ്പിലാണ് മഹാശിലാ കാലഘട്ടത്തിൽ ശവസംസ്കാര ചടങ്ങുകളുടെ ഭാഗമായി നിർമ്മിച്ചതെന്ന് കരുതുന്ന ചെങ്കല്ലറ കണ്ടെത്തിയത്.
സജിത് കുമാർ അറിയിച്ചതനുസരിച്ച് ചരിത്ര ഗവേഷകനും കാഞ്ഞങ്ങാട് നെഹ്റു കോളജ് ചരിത്ര വിഭാഗം മേധാവിയുമായ ഡോ.നന്ദകുമാർ കോറോത്ത് സ്ഥലം സന്ദർശിച്ചു നടത്തിയ പരിശോധനയിലാണ് കല്ലുകൊണ്ട് അടച്ചുവെച്ച നിലയിൽ കണ്ടെത്തിയ ഗുഹ മഹാശില കാലഘട്ടത്തിന്റെ ചരിത്ര ശേഷിപ്പായ ചെങ്കല്ലറയാണെന്ന് സ്ഥിരീകരിച്ചത്. ശവസംസ്കാരത്തിന്റെ ഭാഗമായി ഭസ്മവും അസ്ഥികളും മറ്റു വസ്തുക്കളും നിക്ഷേപിച്ച മൺപാത്രങ്ങളും ഇരുമ്പായുധങ്ങളു അടക്കംചെയ്താണ് മഹാ ശിലാ കാലഘട്ടത്തിൽ ചെങ്കല്ലറകൾ നിർമിച്ചിരുന്നത്.
ക്രിസ്തുവർഷം മൂന്നാം നൂറ്റാണ്ടിന് മുമ്പാണ് മഹാശിലാ കാലഘട്ടത്തിലെ മനുഷ്യർ ചെങ്കല്ലറകൾ നിർമ്മിച്ചിരുന്നത്. വിവിധ സ്ഥലങ്ങളിൽ പ്രാദേശികമായി മുനിയറ, പാണ്ഡവ ഗുഹ, പീരങ്കി ഗുഹ, മുതലപ്പെട്ടി, നിധിക്കുഴി, കൽപ്പത്തായം എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്.
Tags :