കർഷക കോൺഗ്രസ് തിരുവമ്പാടി മണ്ഡലം നേതൃയോഗം ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്യുന്നു.
തിരുവമ്പാടി: പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി ഇഎസ്എ പരിധി നിശ്ചയിക്കുമ്പോൾ ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൂർണമായി ഒഴിവാക്കണമെന്ന് കർഷക കോൺഗ്രസ് തിരുവമ്പാടി മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഏഴാം കരട് വിജ്ഞാപനം മലയോര മേഖലയിലെ കർഷകരിൽ ആശങ്ക സൃഷ്ടിക്കുന്നതാണ്. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ നിലവിലുള്ള കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും യാതൊരു നിയന്ത്രണവും ഏർപ്പെടുത്തരുതെന്നും ഇഎസ്എ പരിധി വനമേഖലയിൽ മാത്രമായി നിജപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
കരട് വിജ്ഞാപനങ്ങളും അന്തിമ വിജ്ഞാപനവും അതത് പ്രാദേശിക ഭാഷകളിൽ പ്രസിദ്ധീകരിക്കണം. രാസവളങ്ങളുടെ ലഭ്യതക്കുറവും വിലവർധനയും കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്.
കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടക്കുന്ന ധർണയിൽ 500 പ്രവർത്തകരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ യോഗം ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തമ്പി പറകണ്ടത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, ജില്ലാ വൈസ് പ്രസിഡന്റ് എ.എസ്. ജോസ്, റോബർട്ട് നെല്ലിക്കതെരുവിൽ എന്നിവർ പ്രസംഗിച്ചു.
Tags : District News Nattuvishesham Residential areas farmlands Karshaka Congress