പ്രതീകാത്മക ചിത്രം
കാക്കനാട്: അർധരാത്രിയിൽ ഇടപ്പള്ളി ടോളിനു സമീപമുള്ള പ്രധാന റോഡിൽ ബൈക്കിന് പിന്നിൽ തിരിഞ്ഞിരുന്ന് യാത്ര ചെയ്ത യുവാവിന്റേതുൾപ്പെടെ രണ്ടു പേരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിന് മുന്നോടിയായി നോട്ടീസ് നൽകും.
കുസാറ്റ് വിദ്യാർഥികളായ അഞ്ചു പേരാണ് അപകടകരമായ വിധം ബൈക്ക് യാത്ര നടത്തിയത്. മുന്നിൽ പോയ ഇരുചക്ര വാഹനത്തിലെ യാത്രികരിൽ ഒരാളാണ് പിന്നോട്ട് തിരിഞ്ഞിരുന്ന് യാത്രചെയ്തത്. ഇവരുടെ വിശദീകരണം അറിയുന്നതിനായി നോട്ടീസ് നൽകി വിളിപ്പിക്കും. ഇതിന് ശേഷമായിരിക്കും ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുക.
അഞ്ചംഗ സംഘത്തിലെ മൂന്നു പേർ മറ്റൊരു ബൈക്കിൽ ഹെൽമറ്റില്ലാതെ അകമ്പടി പോയതിനും നടപടിയെടുത്തതായി അധികൃതർ അറിയിച്ചു. ഇവർ 3000 രൂപ പിഴയടച്ച് കറുകുറ്റിയിലോ എടപ്പാളിലോ ഉള്ള ഡ്രൈവിംഗ് റിസർച്ച് സെന്ററിൽ പരിശീലനം തേടണം. നാലു ദിവസത്തെ പരിശീലന ക്ലാസിൽ പങ്കെടുക്കുകയും ഇവർ ട്രാഫിക് നിയമലംഘനത്തിന് പിഴ ഒടുക്കുകയും വേണം.