എൻജിൻ നിലച്ച് കപ്പൽച്ചാലിലൂടെ കടലിലേക്ക് ഒഴുകിയ റോ റോ ജങ്കാർ മറൈൻ എൻഫോഴ്സ്മെന്റിന്റെ രക്ഷാ ബോട്ട് കെട്ടിവലിച്ച് തിരികെ കൊണ്ടുവരുന്നു.
രക്ഷകരായി ഫിഷറീസ് എൻഫോഴ്സ്മെന്റ്
വൈപ്പിൻ: കൊച്ചുകുട്ടികളടക്കം അന്പതോളം യാത്രക്കാരും വാഹനങ്ങളുമായി ഫോർട്ടുകൊച്ചിയിൽ നിന്ന് വൈപ്പിനിലേക്ക് പോയ ജങ്കാർ എൻജിൻ നിലച്ചതിനെത്തുടർന്ന് കപ്പൽച്ചാലിലൂടെ കടലിലേക്ക് ഒഴുകി. യാത്രക്കാർ പരിഭ്രാന്തരായി നിലവിളിച്ചതോടെ വൈപ്പിൻ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് ഉടൻ എത്തി രക്ഷാപ്രവർത്തനം നടത്തിയതിനാൽ കൊച്ചി അഴിമുഖത്ത് വൻ ദുരന്തം ഒഴിവായി.
ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. സേതു സാഗർ 1 ആണ് എൻജിൻ നിലച്ച് കടലിലേക്ക് ഒഴുകിയത്. പ്രൊപ്പല്ലറിൽ റോപ്പ് ചുറ്റിയതാണ് അപകടത്തിനിടയാക്കിയത്. ഈ സമയം ശക്തമായ വേലിയിറക്കം ആയിരുന്നതിനാൽ ജങ്കാർ നിയന്ത്രണം വിട്ട് അതിവേഗം കപ്പൽ ചാലിലൂടെ കടലിലേക്ക് ഒഴുകാൻ തുടങ്ങി.
ഇതിനിടെ വൈപ്പിൻ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ജിബിനയുടെ നിർദേശപ്രകാരം വൈപ്പിനിൽ നിന്ന് മറൈൻ എൻഫോഴ്സ്മെന്റിന്റെ രക്ഷാ ബോട്ട് എത്തുകയും കടലിലേക്ക് ഒഴുകിപ്പോയ ജങ്കാർ കെട്ടിവലിച്ച് കരയിൽ എത്തിക്കുകയും ചെയ്തു. ഒമ്പത് കാറുകൾ, ഒരു ട്രാവലർ, അമ്പതോളം ബൈക്കുകളും അമ്പതോളം യാത്രക്കാരുമാണ് ജങ്കാറിൽ ഉണ്ടായിരുന്നത് .
സബ് ഇൻസ്പെക്ടർ ഷിജു, സിവിൽ പോലീസ് ഓഫിസർ സി.കെ. വിഷ്ണു, സ്രാങ്ക് അജയൻ, ഡ്രൈവർ ഷാജി, സീ റെസ്ക്യൂ ഗാർഡ്മാരായ ഷെല്ലൻ, ഉദയൻ, വിനു, ജിപ്സൺ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.