മുക്കം: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള തോട്ടുമുക്കം-പുതിയനിടം റോഡിൽകാൽനടയാത്ര പോലും അസാധ്യമായതോടെ പ്രതിഷേധം ശക്തമാകുന്നു.
കഴിഞ്ഞ പത്ത് വർഷമായി യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താത്ത റോഡിലൂടെയുള്ള യാത്ര ഇപ്പോൾ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണ്. തോട്ടുമുക്കം മുതൽ പുതിയനിടം വരെയുള്ള രണ്ട് കിലോമീറ്റർ ഭാഗമാണ് പൂർണമായും തകർന്ന് തരിപ്പണമായി കിടക്കുന്നത്. ഒരു കിലോമീറ്റർ പരിധിയിൽ മാത്രം നൂറിലധികം വൻ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. പലതും വലിയ കുളങ്ങൾക്ക് സമാനമാണ്.
വാഹനങ്ങൾ പോകുമ്പോൾ അടിഭാഗം തട്ടി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് പതിവാണെന്ന് യാത്രക്കാർ പറയുന്നു. സ്കൂൾ കുട്ടികൾ, നൂറുകണക്കിന് യാത്രക്കാർ, ബസുകൾ, ടിപ്പർ ലോറികൾ എന്നിവയൊക്കെ കടന്നുപോകുന്ന പ്രധാന പാതയാണിത്. ബൈക്ക് യാത്രക്കാർ മറിഞ്ഞുവീണ് പരിക്കേൽക്കുന്നതും ഇവിടെ നിത്യസംഭവമാണ്. മുൻപ് നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ അധികൃതർ ക്വാറി വേസ്റ്റ് ഇട്ട് കുഴികൾ താൽക്കാലികമായി അടച്ചിരുന്നു.
എന്നാൽ മഴ പെയ്യുന്നതോടെ ഈ മണ്ണ് ഒലിച്ചുപോയി റോഡ് വീണ്ടും പഴയപടിയിലാകും. ഇനി ഇത്തരത്തിലുള്ള കണ്ണിൽ പൊടിയിടുന്ന താൽക്കാലിക അറ്റകുറ്റപ്പണികളുമായി വന്നാൽ അധികൃതരെ തടയുമെന്ന ശക്തമായ നിലപാടിലാണ് നാട്ടുകാർ.
പലതവണ ജനപ്രതിനിധികൾക്കും ജില്ലാ പഞ്ചായത്തിനും പരാതി നൽകിയിട്ടും, നിരവധി സമരങ്ങൾ നടന്നിട്ടും ഈ ദുരിതപ്പാതയ്ക്ക് ഒരു ശാശ്വത പരിഹാരം കാണാൻ അധികൃതർ തയാറായിട്ടില്ല. പുതിയ ജില്ല പഞ്ചായത്ത് ഭരണസമിതിയും മെമ്പറും കനിയുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ.