എംസി റോഡില്‍ മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി ഭാഗത്തെ റോഡില്‍ രൂപപ്പെട്ട കുഴികള്‍.
മൂവാറ്റുപുഴ: എംസി റോഡില്‍ മൂവാറ്റുപുഴ മുതല്‍ പെരുമ്പാവൂര്‍ വരെയുള്ള പ്രദേശം പൂര്‍ണമായി തകര്‍ന്ന നിലയിൽ. വെള്ളൂര്‍ക്കുന്നം മുതല്‍ മണ്ണൂര്‍ വരെയുള്ള ഭാഗമാണ് കൂടുതലും തകര്‍ന്നിട്ടുള്ളത്. പള്ളിച്ചിറങ്ങര, പള്ളിപ്പടി, വാഴപ്പിള്ളി, കാവുംപടി, പള്ളിത്താഴം, പേഴയ്ക്കാപ്പിള്ളി എന്നിവിടങ്ങളില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടിട്ടും അധികാരികള്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം വ്യാപകമാണ്. കാലവര്‍ഷം ശക്തിപ്പെട്ടതോടെ റോഡില്‍ കുഴികള്‍ രൂപപ്പെട്ടത് തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉടന്‍ നവീകരണ നടപടികള്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തം.
മഴക്കാലത്തിന് മുന്‍പേ നടക്കേണ്ട ഓട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ റോഡ് തകര്‍ച്ചയ്ക്ക് ആക്കം കൂടി. അപകട സാധ്യത കുറയ്ക്കാന്‍ ആവശ്യമായ സ്പീഡ് ബ്രേക്കര്‍ ഒരിടത്തും സ്ഥാപിച്ചിട്ടില്ല. എംസി റോഡില്‍ സ്ഥാപിച്ച വഴിവിളക്കുകള്‍ നന്നാക്കുന്നതിനാവശ്യമായ നടപടികള്‍ പായിപ്ര പഞ്ചായത്തും, മൂവാറ്റുപുഴ നഗരസഭയും സ്വീകരിക്കാത്തതിനാല്‍ റോഡ് മുഴുവന്‍ ഇരുട്ടിലാക്കി.
2017ല്‍ ശബരി പാക്കേജില്‍ ഉള്‍പ്പെടുത്തി 15 കോടി ചെലവില്‍ റോഡ് നവീകരിച്ചശേഷം നാളിതു വരെ ഗൗരവമുള്ള ഒരു പ്രവൃത്തിയും നടക്കാതെ പോയത് അലംഭാവം മൂലമാണെന്ന് മുന്‍ എംഎല്‍എ എല്‍ദോ ഏബ്രഹാം കുറ്റപ്പെടുത്തി. പൊതുമരാമത്ത് അധികൃതരുടെ അശ്രദ്ധ മൂലം നിരവധി അപകടങ്ങള്‍ പെരുകി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിവിധ വാഹനാപകടങ്ങളിലായി നിരവധി പേര് മരിക്കുകയും ഒട്ടേറെ പേര്‍ക്ക് ഗുരുതര പരിക്കുകള്‍ ഉണ്ടായിട്ടും പൊതുമരാമത്ത് മെയിന്റനന്‍സ് വിഭാഗം കുഴി അടയ്ക്കാത്ത നടപടി അംഗീകരിക്കാനാകില്ലെന്നും തകര്‍ന്നടിഞ്ഞ എംസി റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉടനാരംഭിക്കണമെന്നും എല്‍ദോ ഏബ്രഹാം ആവശ്യപ്പെട്ടു.
Tags : Nattuvishesham DistrictNews DeepikaNews Road