പൂർണമായും തകർന്ന നിലയിലായ കൊടക്കാട്ട്പാറ റോഡ്.
പുല്ലൂരാംപാറ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് പുല്ലൂരാംപാറയിലെ കൊടക്കാട്ട്പാറ റോഡിൽ കലിങ്കിനോട് ചേർന്ന ഭാഗം പൂർണമായും ഒലിച്ചുപോയി. മലയിൽത്തൊടി ഭാഗത്ത് രൂപപ്പെട്ട വലിയ ഗർത്തത്തെ തുടർന്ന് പ്രദേശത്തെ പതിനഞ്ചിലധികം കുടുംബങ്ങളാണ് ദുരിതത്തിലായത്.
ശക്തമായ മഴയെ തുടർന്ന് തോട്ടിൽ വെള്ളപ്പൊക്കമുണ്ടാകുകയും കല്ലും മണ്ണും മാലിന്യങ്ങളും അടിഞ്ഞുകൂടി ചപ്പാത്തിന്റെ പൈപ്പ് അടയുകയും ചെയ്തതോടെയാണ് അപകടാവസ്ഥ രൂപപ്പെട്ടത്. തുടർന്ന് വെള്ളം റോഡിലൂടെ കവിഞ്ഞൊഴുകി അതിശക്തമായി പതിച്ചതിനാൽ റോഡിന്റെ വലിയ ഭാഗം ഒലിച്ചുപോകുകയായിരുന്നു. പ്രദേശവാസികളുടെ ദൈനംദിന യാത്രയ്ക്കും വിദ്യാർഥികൾ, തൊഴിലാളികൾ, കർഷകർ എന്നിവരുടെ സഞ്ചാരത്തിനും ആശ്രയമായിരുന്ന പ്രധാന റോഡാണ് തകർന്നത്. നിലവിൽ തോട്ടിലൂടെയുള്ള ഇടുങ്ങിയ നടവഴി മാത്രമാണ് പ്രദേശവാസികളുടെ ഏക ആശ്രയം. രോഗികളെയും വയോജനങ്ങളെയും ആശുപത്രിയിലെത്തിക്കുന്നതുൾപ്പെടെയുള്ള അടിയന്തര ആവശ്യങ്ങൾക്ക് വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.
ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയെങ്കിലും റോഡ് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകളില്‍ 237 പേര്
കോഴിക്കോട്: ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് വിവിധ താലൂക്കുകളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ ശേഷിക്കുന്നത് 237 പേര്. ഒന്‍പത് ക്യാമ്പുകളാണ് നിലവിലുള്ളത്. 99 കുടുംബങ്ങളിലെ 86 പുരുഷന്മാരും 112 സ്ത്രീകളും 39 കുട്ടികളുമാണ് ക്യാമ്പുകളില്‍ കഴിയുന്നത്.
ഏറ്റവും കൂടുതല്‍ പേര് ക്യാമ്പുകളില്‍ കഴിയുന്നത് കോഴിക്കോട് താലൂക്കിലാണ്. ഇവിടെ മൂന്ന് ക്യാമ്പുകളിലായി 30 കുടുംബങ്ങളിലെ 92 പേരാണുള്ളത്. ഇതില്‍ 40 പുരുഷന്മാരും 45 സ്ത്രീകളും ഏഴ് കുട്ടികളും ഉള്‍പ്പെടുന്നു.
താമരശേരി താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 56 പേരും വടകര താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 80 പേരും കൊയിലാണ്ടി താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി ഒമ്പതു പേരും കഴിയുന്നു.