കുണ്ടറ: വയോധികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി 30 വർഷത്തിനുശേഷം കുണ്ടറയിൽനിന്നു പിടിയിലായി. ഒറ്റപ്പാലം അമ്പലപ്പാറ വേങ്ങശേരി കൃഷ്ണകുമാറാണ് (48) പിടിയിലായത്. പൊലിസിന്റെ രേഖകളിൽ 'രണ്ടാം സുകുമാരക്കുറുപ്പ്' എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. തനിച്ചു താമസിച്ചിരുന്ന തൃശൂർ കിഴക്കേകോട്ട സ്വദേശിനി മാർത്തയെ(65) ആറു പവൻ സ്വർണത്തിന് വേണ്ടി വീട്ടിൽ കയറി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്. 30 വർഷത്തോളമായി കോടതി ലോംഗ് വാറണ്ട് പുറപ്പെടുവിച്ച പ്രതിയാണ് ഇയാൾ. കുറ്റകൃത്യം ചെയ്യുമ്പോൾ ഇയാൾക്ക് പ്രായം 18. 95 ൽ നടന്ന സംഭവത്തിൽ കൃഷ്ണകുമാർ അറസ്റ്റിലായെങ്കിലും ജാമ്യത്തിൽ ഇറങ്ങി മുങ്ങി.
15 വർഷം ഉത്തർപ്രദേശിലെ മീററ്റിൽ താമസിച്ചശേഷം കുണ്ടറയിലെത്തി വിവാഹം കഴിച്ചു കുടുംബസമേതം വ്യാജ വിലാസത്തിൽ വെൽഡർ ജോലി ചെയ്തു ജീവിച്ചു വരികയായിരുന്നു. ബന്ധുക്കളെ കേന്ദ്രീകരിച്ച് തെരച്ചില്‍ നടത്തുന്നതിനിടെ ഷൊര്‍ണൂരിലുള്ള ഒരു ബന്ധുവീട്ടില്‍ വച്ച് കണ്ടയാള്‍ പൊലിസിനോടു പറഞ്ഞ "കൃഷ്ണകുമാറിന് ഒരമ്മാവനുണ്ട്, മിലിട്ടറിയിലോ മറ്റോ ആയിരുന്നു. നാടുമായി വലിയ ബന്ധമില്ലെങ്കിലും കൃഷ്ണകുമാറിനോടു വലിയ സ്നേഹമായിരുന്നു' എന്ന ഒറ്റവാചകമാണ് പൊലിസിന് വഴിത്തിരിവായത്. കൃഷ്ണകുമാറിനെ അമ്മാവന് ഡല്‍ഹിയിലേക്കു കൊണ്ടുപോയി എന്ന സാധ്യത മുന്നില്‍ക്കണ്ട് 2022-ല്‍ അന്വേഷണസംഘം ഡല്‍ഹിയില്‍ നേരിട്ടെത്തി. മലയാളി അസോസിയേഷനുകള്‍ വഴി തിരച്ചില്‍ നടത്തി ഒടുവില്‍ ഗോപാലകൃഷ്ണന് എന്ന അമ്മാവന് മരിച്ചതായി കണ്ടെത്തി. അദ്ദേഹത്തിന്റെ മകളെ കണ്ടെത്തി ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് മഹേഷ് നായര്‍ എന്ന പേര് ശ്രദ്ധയില്‍പ്പെടുന്നത്. അന്വേഷണത്തില്‍ ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള ഡൗറാല ഷുഗര്‍ ഫാക്ടറിയുടെ വിലാസം ലഭിക്കുകയും സംഘം മീററ്റിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
മറ്റൊരു കവര്‍ച്ചാക്കേസ് പ്രതി ഡല്‍ഹിയിലുണ്ടെന്ന സന്ദേശം വന്നതോടെ പൊലിസിന് മീററ്റില്‍നിന്ന് തിരികെ ഡല്‍ഹിയിലേക്ക് അടിയന്തരമായി മടങ്ങേണ്ടി വന്നു. പഴയ സാക്ഷികള്‍ മരണപ്പെട്ടതോടെ കേസ് തന്നെ നിലയ്ക്കുന്ന ഘട്ടമെത്തിയെങ്കിലും പുതിയ സാക്ഷികളെ കണ്ടെത്തി കേസ് പുനരാരംഭിച്ചു. അന്വേഷണം തുടരുന്നതിനിടയില്‍ സ്പെഷല്‍ ബ്രാഞ്ചിന് കൃഷ്ണകുമാറിന്റെ പഴയൊരു ഫോട്ടോ ലഭിച്ചത് നിര്‍ണായകമായി.
പൊലിസിന്റെ പോര്‍ട്ടലില്‍ ഈ ഫോട്ടോ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മീററ്റ് വിലാസത്തിലുള്ള ഒരു പാന്‍കാര്‍ഡിലെ ചിത്രവുമായി ഫോട്ടോ മാച്ച് ചെയ്തു. തുടര്‍ന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നടത്തിയ തെരച്ചിലില്‍ മഹേഷുമായി ബന്ധമുള്ള ഇരുപതോളം അക്കൗണ്ടുകള്‍ കണ്ടെത്തിയെങ്കിലും അവയിലൊന്നും ഇയാളെ നേരിട്ട് തിരിച്ചറിയാനുള്ള വിവരങ്ങളുണ്ടായിരുന്നില്ല.
തുടര്‍ന്ന് മീററ്റില്‍ കട നടത്തുന്ന രണ്ട് മലയാളികളുടെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ തങ്ങളുടെ കൈവശമുള്ള ഫോട്ടോ കാണിച്ചപ്പോള്‍, ഇത് റിട്ടയേര്‍ഡ് സൈനികനായ ഗോപാലകൃഷ്ണന്റെ വളര്‍ത്തുമകനാണെന്ന് കടക്കാരന് സാക്ഷ്യപ്പെടുത്തി. എന്നാല്‍, 15 വര്‍ഷം മുന്‍പ് വിവാഹശേഷം ഇയാള്‍ മീററ്റില്‍നിന്ന് മാറിയെന്ന വിവരമാണ് ലഭിച്ചത്. ഇതിനിടെ 2025 ഒക്ടോബറിലും പൊലിസ് മീററ്റിലെത്തി തെരച്ചില്‍ നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായിരുന്നില്ല. എങ്കിലും നിശ്ചയദാര്‍ഢ്യത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ഭാര്യ കൊല്ലം കുണ്ടറ സ്വദേശിനിയാണെന്ന വിവരം ലഭിക്കുന്നത്. ഇതോടെ പൊലിസ് സംഘം കൊല്ലത്തേക്ക് യാത്ര തിരിച്ചു.
കൊല്ലത്തെത്തിയ പൊലീസ് സംഘത്തിന് ഇയാള്‍ കഴിഞ്ഞ 15 വര്‍ഷമായി കൊല്ലം കുണ്ടറയില്‍ വ്യാജ മേല്‍വിലാസത്തില്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഒരു വെല്‍ഡിംഗ് തൊഴിലാളിയായി ജീവിക്കുകയാണെന്നും മനസിലായി. കുണ്ടറയിലെ വെല്‍ഡിംഗ് ഷോപ്പിലെത്തി ഉടമയോട് തിരക്കിയപ്പോള്‍ ഇയാള്‍ കുടുംബസമേതം ഒരു മരണച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണെന്ന് വ്യക്തമായി.
തുടര്‍ന്ന് മരണവീട്ടിലെത്തി അതിവിദഗ്ധമായി പൊലിസ് കൃഷ്ണകുമാറിനെ കസ്റ്റഡിയിലെടുത്തു. കുണ്ടറ എസ് ഐ മാരായ ദീപുപിള്ള, അരുൺ ചന്ദ്രൻ സിപിഒ എസ്. അൻവർ എന്നിവരുടെ സഹായത്തോടെയാണ് തൃശൂർ പൊലിസ് ഇയാളെ പിടികൂടിയത്.
Tags :