തൃശൂർ: കൂർക്കഞ്ചേരിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 55 പവൻ കവർന്ന സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും തുന്പില്ലാതെ പൊലിസ്. കഴിഞ്ഞമാസം 22നു പുലർച്ചെ ഒന്നരയോടെയാണു കൂർക്കഞ്ചേരി ജുമാ മസ്ജിദിന് സമീപം ഉണ്ണിപ്പിള്ള വീട്ടിൽ ഹസൻ അലിയുടെ വീടിന്റെ വാതിൽ തകർത്ത് 55 പവനും മൂന്നരലക്ഷം രൂപയും കവർന്നത്. ആകെ 58.5 ലക്ഷം രൂപയുടെ നഷ്ടമെന്നാണു പൊലിസ് എഫ്ഐആർ.
നെടുപുഴ പൊലിസ്, സിറ്റി പൊലിസ് കമ്മീഷണറുടെ പ്രത്യേക ഷാഡോ സ്ക്വാഡ്, തൃശൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം എന്നിവയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. പ്രതികൾ മുഖംമറച്ച നിലയിലായിരുന്നെന്നും പ്രത്യേക സംഘം കേസിനു പിന്നാലെയുണ്ടെന്നും നെടുപുഴ പൊലിസ് പറഞ്ഞു.
മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും ഒരാഴ്ചയായി എറണാകുളത്തായിരുന്നു. 22നു രാവിലെ കൂർക്കഞ്ചേരിയിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. എസിപി ഉൾപ്പെടെയുള്ള പൊലിസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നെന്ന വിവരം മാത്രമാണ് അറിയിച്ചിട്ടുള്ളതെന്നും ഹസൻ അലി പറഞ്ഞു.
ഏകദേശം ഒരു മണിക്കൂറിലേറെ മോഷ്ടാവ് വീടിനകത്തുണ്ടായിരുന്നു. തുടർന്നു മതിൽചാടി പുറത്തു കടക്കുന്നതു സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടാവ് മുഖം മറച്ചിട്ടുണ്ട്. തെളിവെടുപ്പിന് സ്ഥലത്തെത്തിയ ഡോഗ് സ്ക്വാഡ് വീടിന് സമീപത്തുനിന്ന് 100 മീറ്റർ ഓടി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
സംഭവദിവസം തലേന്നു വൈകിട്ടു ഹസൻ അലി കൂർക്കഞ്ചേരിയിൽ എത്തിയെങ്കിലും വീട്ടിൽ ആളില്ലാത്തതിനാൽ സഹോദരന്റെ വീട്ടിലാണ് ഉറങ്ങിയത്. രാവിലെ പള്ളിയിൽ നിസ്കരിച്ചശേഷം വീട്ടിലെത്തിയപ്പോഴാണു മോഷണ വിവരമറിഞ്ഞത്. വീടിന്റെ വാതിൽ കുത്തിത്തുറന്നാണ് മോഷണം. സമീപത്തെ ഐശ്വര്യ ഗാർഡനിലും മോഷണശ്രമം നടന്നു. പ്രദേശത്തു നിരവധി വീടുകളുണ്ടെങ്കിലും അടഞ്ഞുകിടക്കുന്ന വീടാണെന്നു മനസിലാക്കിയാണു മോഷണമെന്നു സംശയിക്കുന്നു. തൃശൂരിൽ സ്വർണാഭരണ നിർമാണങ്ങൾക്ക് ആവശ്യമായ ടൂൾസ് വിൽക്കുന്ന സ്ഥാപനം നടത്തുന്നയാളാണ് ഹസൻ അലി. ഗോൾഡ് കവറിംഗ് ആഭരണങ്ങൾ നീക്കിവച്ച് സ്വർണം മാത്രമാണ് മോഷ്ടാവ് കവർന്നത്.
പ്രദേശത്തു മുന്പും മോഷണശ്രമം നടന്നതായി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹി ചൂണ്ടിക്കാട്ടിയിരുന്നു. ഓഗസ്റ്റിലും സെപ്റ്റംബറിലും അച്ചൻതേവർ ശിവക്ഷേത്രത്തിൽ രണ്ടുവട്ടം മോഷണശ്രമമുണ്ടായി. രണ്ടു യുവാക്കളാണു മോഷണത്തിനു ശ്രമിച്ചത്.
പ്രദേശത്തെ വീടുകളിലെ സിസിടിവികൾ തിരിച്ചുവച്ചതും കണ്ടെത്തി. അന്നുമുതൽ പൊലിസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഹസൻ അലിയുടെ വീട്ടിൽ കവർച്ച നടന്നത്.
Tags :