പൊലിസ് പിടിയിലായ അനസ്, അമീര്‍ ഹംസ, ഉബൈദ്
തൊടുപുഴ: യൂബര്‍ ടാക്സിയില്‍ കറങ്ങി ആരാധനാലയങ്ങളില്‍ മോഷണം നടത്തിവന്നിരുന്ന സംഘം പൊലിസിന്റെ പിടിയിലായി. ആദ്യമായാണ് യൂബര്‍ ടാക്സിയില്‍ സഞ്ചരിച്ച് മോഷണം നടത്തുന്ന സംഘം പിടിയിലാകുന്നതെന്ന് ജില്ലാ പൊലിസ് മേധാവി ഡോ. എ. നസീം പറഞ്ഞു.
ജില്ലയ്ക്കകത്തും പുറത്തുമുള്ള ക്ഷേത്രങ്ങളില്‍ തുടര്‍ച്ചയായി മോഷണം നടത്തിവന്ന സംഘത്തെയാണ് തൊടുപുഴ പൊലിസും ഷാഡോ സംഘവും ചേര്‍ന്ന് പിടികൂടിയത്. അസം സ്വദേശിയും പെരുമ്പാവൂരില്‍ താമസക്കാരനുമായ അമീര്‍ ഹംസ (26), യൂബര്‍ ഡ്രൈവറായ കണ്ണൂര്‍ തളിപ്പറമ്പ് കൂട്ടുമുഖം സ്വദേശി വലിയവളപ്പില്‍ ഉബൈദ് (38), മോഷണമുതലുകള്‍ വാങ്ങിയ എറണാകുളം തമ്മനം നന്ദാനത്ത് പറമ്പില്‍ അനസ് എന്ന് വിളിക്കുന്ന റസാഖ് (54) എന്നിവരാണ് പിടിയിലായത്. സംഘത്തില്‍പ്പെട്ട ബംഗാള്‍ സ്വദേശി സുമീര്‍ എന്നയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ഗ്രാമപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ഇവിടെയുള്ള ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തുകയായിരുന്നു സംഘത്തിന്റെ രീതി.
തൊടുപുഴ പോലീസ് സ്റ്റേഷന് പരിധിയിലെ പുരാതനമായ കോലാനി അമരംകാവ് ദേവീക്ഷേത്രത്തില്‍ നടന്ന രണ്ടു മോഷണങ്ങളിലാണ് ഇവരെ പിടികൂടിയത്. മേയ് 31ന് അര്‍ധരാത്രിക്കും ജൂണ്‍ ഒന്നിന് പുലര്‍ച്ചയ്ക്കുമിടയിലാണ് ആദ്യമോഷണം നടന്നത്. ക്ഷേത്രത്തിലെ ഫ്യൂസ് ഊരിവച്ചശേഷം, സിസിടിവി കാമറകള്‍ തകര്‍ത്ത് ഡിവിആര്‍ കടത്തിക്കൊണ്ടുപോയി. തുടര്‍ന്ന് മൂന്ന് ഭണ്ഡാരക്കുറ്റികളുടെ താഴ് തല്ലിപ്പൊട്ടിച്ച് 15,000 രൂപയോളം കവര്‍ന്നു. തുടര്‍ന്ന് ഈ മാസം മൂന്നിന് ക്ഷേത്രത്തില്‍ വീണ്ടും കവര്‍ച്ച നടന്നു. ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന 60 നിലവിളക്കുകള്‍, രണ്ട് ഉരുളികള്‍, രണ്ട് തൂക്കുവിളക്കുകള്‍ തുടങ്ങി 70,000 രൂപ വിലമതിക്കുന്ന വസ്തുക്കളാണ് മോഷണം പോയത്.
ഇതിനു പുറമേ എറണാകുളത്തെ വിവിധ ക്ഷേത്രങ്ങളിലും ഇവര്‍ മോഷണം നടത്തിയിട്ടുണ്ട്. കാക്കനാട് പള്ളിയിലും മോഷണം നടത്തിയതായി പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളില്‍നിന്ന് മോഷണം പോയ മുഴുവന്‍ സാധനങ്ങളും തമ്മനത്തുള്ള അനസിന്റെ കടയില്‍നിന്ന് പൊലിസ് റിക്കവറി ചെയ്തു. ഇവര്‍ മോഷണത്തിനായി ഉപയോഗിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. പട്ടാമ്പി സ്വദേശിയായ വ്യക്തിയാണ് മുഴുവന്‍ മോഷണമുതലുകളും വാങ്ങിയിരുന്നത്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.
തുടര്‍ച്ചയായ മോഷണങ്ങളെത്തുടര്‍ന്ന് എഡിജിപി പി. വിജയന്റെ ഇടപെടലോടെ ജില്ലാ പോലീസ് മേധാവി ഡോ. എ. നസീമിന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഷാഡോ ടീമിനെ നിയോഗിക്കുകയും നൈറ്റ് പട്രോളിംഗ് ശക്തമാക്കുകയും ചെയ്തു. മോഷണം നടന്ന ഭാഗങ്ങളിലെയും തൊട്ടടുത്ത ആനിക്കാട് പഞ്ചായത്ത് പരിധിയിലെയും വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ രണ്ടു കാറുകള്‍ കണ്ടെത്തിയത്. ഒരു വാഹനം സ്ഥിരമായി യൂബറിനുവേണ്ടി ഓടുന്ന കാറാണെന്ന് വ്യക്തമായതോടെ അന്വേഷണം ഡ്രൈവറായ ഉബൈദിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് എറണാകുളത്തുനിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു.
തൊടുപുഴ ഡിവൈഎസ്പി സജി മാര്‍ക്കോസ്, ഇന്‍സ്പെക്ടര്‍ കെ.പി. മനേഷ്, എസ്ഐമാരായ ജിബിന്‍ തോമസ്, അരുണ്‍ ചന്ദ്രന്, അനന്തു ശേഖര്‍, ഷംസ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ബിജു, ജോയ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ജോയ് തോമസ്, അജീഷ് തങ്കപ്പന്, ബാബുക്കുട്ടന്, അജിമോന്, ബാബു സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുള്ള പ്രതികളെ കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും മറ്റ് മോഷണക്കേസുകളില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലിസ് അറിയിച്ചു.
രാത്രികടകള്ക്ക് പൂട്ടിടാനൊരുങ്ങി പൊലിസ്
തൊടുപുഴ: നഗരത്തില്‍ അര്‍ധരാത്രിയും പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് പൂട്ടിടാനൊരുങ്ങി പൊലിസ്. തൊടുപുഴ മേഖലയിലെ മോഷണവും ലഹരിവ്യാപനവും കണക്കിലെടുത്താണ് രാത്രി 11 നു ശേഷം പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ നിരീക്ഷിക്കാനും നിശ്ചിത സമയം കഴിഞ്ഞാല്‍ ഇവയുടെ പ്രവര്‍ത്തനം നിര്‍ത്താനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്ന് ജില്ലാ പൊലിസ് മേധാവി ഡോ. എ. നസീം പറഞ്ഞു.
തൊടുപുഴയില്‍ രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളെ സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ ലഹരിക്കച്ചവടത്തിന്റെ ഇടത്താവളങ്ങളാക്കി മാറ്റുന്നതായും സംശയമുണ്ട്. ഇതിനാലാണ് ഇത്തരം സ്ഥാപനങ്ങള്‍ നിരീക്ഷിക്കാനും രാത്രികാല പട്രോളിംഗ് ശക്തമാക്കാനും തീരുമാനിച്ചതെന്നും എസ്പി അറിയിച്ചു.
Tags : Robbery NattuVishasham DistrictNews