മൂവാറ്റുപുഴയില്‍ കനാല്‍ കാടുകയറിയ നിലയില്‍.
മൂവാറ്റുപുഴ: മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിയുടെ ഭാഗമായ ഡാമിന്റെയും കനാലുകളുടെയും അറ്റകുറ്റപ്പണികള്‍ക്കും കനാല്‍ വഴിയുള്ള ജലവിതവിരണം സുഗമമാക്കുന്നതിനും ആറു കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി മാത്യു കുഴല്നാടന് എംഎല്‍എ. മന്ത്രി മോന്‍സ് ജോസഫുമായി എംഎല്‍എ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെറെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. 77 പ്രവൃത്തികള്‍ക്കാണ് ആറു കോടിയുടെ ഭരണാനുമതി നല്‍കിയത്.
മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിയുടെ പ്രധാന കനാലുകള്‍, ബ്രാഞ്ച് കനാലുകള്‍, ഡാമില്‍ നിന്നോ പ്രധാന കനാലില്‍ നിന്നോ വരുന്ന വെള്ളം കൃഷിയിടങ്ങളിലേക്ക് നേരിട്ട് എത്തിക്കാന്‍ സഹായിക്കുന്ന ചെറിയ ശാഖാ കനാലുകള്‍, ക്രോസ് ഡ്രെയിനേജ് എന്നിവയുടെ നവീകരണത്തിനായിട്ടാണ് തുക അനുവദിച്ചത്.
കഴിഞ്ഞ കാലങ്ങളില്‍ നിരവധി തവണ മാത്യു കുഴല്നാടന് എംഎല്‍എ ആവശ്യപ്പെട്ടിട്ടും കനാലുകളുടെ നവീകരണത്തിന് തുക അനുവദിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയാറായിരുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കാലപ്പഴക്കം, പ്രളയക്കെടുതികള്‍, മണ്ണിടിച്ചില്‍, കരയിടിച്ചില്‍, അപര്യാപ്തമായ അറ്റകുറ്റപ്പണികള്‍ എന്നിവ മൂലം പ്രധാന കനാലുകളും ഉപ കനാലുകളും ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ച അവസ്ഥയിലാണ്. ഇവയുടെ പല ഭാഗങ്ങളിലും ലൈനിംഗ് തകര്‍ച്ച, ചോര്‍ച്ച, പൊട്ടല്‍, വശങ്ങള് ഇടിയല്‍, സംരക്ഷണഭിത്തികളുടെ നാശം, ക്രോസ് ഡ്രെയിനേജ് ഘടനകളുടെ ജീര്‍ണാവസ്ഥ എന്നിവ മൂലം ജലവിതരണത്തിന്റെ കാര്യക്ഷമത കാര്യമായി തന്നെ കുറഞ്ഞിട്ടുണ്ടെന്ന് എംഎല്‍എ മന്ത്രിയെ ധരിപ്പിച്ചു.
വലിയ തോതില്‍ ജലനഷ്ടം സംഭവിക്കുന്നതിനാല്‍ ഡാമിന്റെയും കനാലുകളുടെയും അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ നടത്തേണ്ടിവരുമെന്ന് എംഎല്‍എ മന്ത്രിയെ അറിയിച്ചു. ഡാമിന്റെയും കനാലുകളുടെയും അടിത്തട്ടില്‍ ചെളിയും മണ്ണും അടിഞ്ഞു കൂടി കിടക്കുന്നതും സുഗമമായ ജല വിതരണത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഇവ നീക്കം ചെയ്യുന്നതിനും തുക അനുവദിച്ചിട്ടുണ്ട്.
ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ കൃഷിക്കും കുടിവെള്ളത്തിനും സ്ഥിരമായ ജലസേചനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുവാറ്റുപുഴ വാലി ജലസേചന പദ്ധതി ആരംഭിച്ചത്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസില്‍ നിന്നുള്ള ജലമാണ് പ്രധാനമായും പദ്ധതിക്കായി ഉപയോഗിക്കുന്നത്. 323 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിച്ച കനാലുകളിലൂടെയാണ് കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ജലസേചനം ലഭ്മാുന്നത്. ഏകദേശം 18,173 ഹെക്ടര്‍ ഭൂമിയില്‍ ജലസേചന സൗകര്യം എത്തിക്കുന്നതിന് മുവാറ്റുപുഴ വാലി പദ്ധതിയെയാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്.
തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പിറവം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കോട്ടയം തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകരുടെ ആശ്രയമാണ് മുവാറ്റുപുഴ വാലി പദ്ധതി. സാങ്കേതികാനുമതി വേഗത്തില്‍ ലഭ്യമാക്കി ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാന്‍ എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. വേഗത്തില്‍ തന്നെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ അറിയിച്ചു.
Tags :