കണ്‍ട്രോള്‍റൂം പ്രവര്‍ത്തനോദ്ഘാടനം ജില്ലാ പൊലിസ് മേധാവി ആര്. ആനന്ദ് നിര്‍വഹിക്കുന്നു.
പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടു സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി സുരക്ഷാ ചുമതലയിലുള്ള പൊലിസിന്റെ
ഡ്യൂട്ടി ആറു ഘട്ടങ്ങളിലായി ക്രമീകരിക്കും. ഓരോ ഘട്ടത്തിലും സൂപ്രണ്ട് ഓഫ് പോലീസ് പദവിയിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. സന്നിധാനത്ത് 1543, പമ്പയില്‍ 915, നിലയ്ക്കലില്‍ 747 എന്നിങ്ങനെ ആകെ 3205 പൊലിസ് ഉദ്യോഗസ്ഥരെയാണ് ഓരോ ഘട്ടത്തിലും വിന്യസിക്കുക. ആദ്യഘട്ടത്തിലെ ഉദ്യോഗസ്ഥര്‍ ഇന്നു ചുമതലയില്‍ പ്രവേശിക്കും.
പൊലിസ് സേനയ്ക്ക് പുറമേ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വിഭാഗം, ടെലികമ്യൂണിക്കേഷന്‍ വിഭാഗം, ജില്ലാ-സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച്, കമാന്‍ഡോ വിഭാഗം, സിആര്‍പിഎഫ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് തുടങ്ങിയ വിവിധ സുരക്ഷാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും ശബരിമല ഡ്യൂട്ടിയുടെ ഭാഗമായി സേവനമനുഷ്ഠിക്കും.
മണ്ഡല-മകരവിളക്ക് സീസണ് അവസാനിക്കുന്നതുവരെ തീര്‍ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും ഗതാഗത നിയന്ത്രണത്തിനുമായി 500-ലധികം സ്പെഷ്യല്‍ പൊലിസ് ഓഫീസര്‍മാരെ വിവിധ കേന്ദ്രങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണത്തിനും വിവിധ ഇടത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഇവരുടെ സേവനം പ്രയോജനപ്പെടുത്തും.
നിലയ്ക്കലില്‍ ശക്തമായ
സുരക്ഷയും നിരീക്ഷണവും
പമ്പയിലേക്കും സന്നിധാനത്തേക്കും പോകുന്ന തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ നിലയ്ക്കലില്‍ തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗതവും പാര്‍ക്കിംഗും ക്രമീകരിക്കുന്നതിനും താത്കാലിക പൊലിസ് സ്റ്റേഷന് നിര്‍ണായക പങ്കുവഹിക്കും. തീര്‍ഥാടകരുടെ വരവും മടക്കവും ക്രമീകരിക്കുക, വാഹന ഗതാഗതം നിയന്ത്രിക്കുക, പാര്‍ക്കിംഗ് സംവിധാനങ്ങള്‍ നിരീക്ഷിക്കുക, തിരക്കുമൂലമുള്ള അപകടസാധ്യതകള്‍ ഒഴിവാക്കുക, അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തില്‍ ഇടപെടുക തുടങ്ങിയ ചുമതലകള്‍ സ്റ്റേഷന് നിര്‍വഹിക്കും.
നിലയ്ക്കല്‍ ബേസ് ക്യാമ്പ് പരിസരം മുഴുവന്‍ ശക്തമായ പൊലിസ് കാവലിലും സിസിടിവി നിരീക്ഷണത്തിലുമായിരിക്കും. തീര്‍ഥാടകര്‍ക്ക് ആവശ്യമായ സഹായവും മാര്‍ഗനിര്‍ദേശവും നല്‍കുന്നതിനൊപ്പം ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനും പൊലിസ് പ്രത്യേക ജാഗ്രത പുലര്‍ത്തും.
പന്തളത്ത് 24 മണിക്കൂറും എയ്ഡ് പോസ്റ്റ്
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് പന്തളത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലിസ് എയ്ഡ് പോസ്റ്റും സജ്ജമാക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് ആവശ്യമായ സഹായവും മാര്‍ഗനിര്‍ദേശവും നല്‍കുന്നതിനും പ്രദേശത്തെ ക്രമസമാധാനവും ഗതാഗത ക്രമീകരണങ്ങളും നിരീക്ഷിക്കുന്നതിനും എയ്ഡ് പോസ്റ്റിന്റെ പ്രവര്‍ത്തനം സഹായകമാകും. തീര്‍ഥാടനകാലം മുഴുവന്‍ പൊലിസ് ഉദ്യോഗസ്ഥരുടെ സേവനം ഇവിടെ ഉറപ്പാക്കും.
18 ഇടത്താവളങ്ങളും 20
സ്നാനഘട്ടങ്ങളും സജ്ജം
തീര്‍ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 18 ഇടത്താവളങ്ങളും വിവിധ കേന്ദ്രങ്ങളിലായി 20 സ്നാനഘട്ടങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സ്നാനഘട്ടങ്ങളില്‍ തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ലൈഫ് ഗാര്‍ഡുമാരെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ പൊലിസ് മേധാവിയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊലിസിനെ സഹായിക്കുന്നതിനായി ഗതാഗത നിയന്ത്രണത്തിനും ഇടത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കുമായി സ്പെഷ്യല്‍ പൊലിസ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗത തടസങ്ങള്‍ ഒഴിവാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളില്‍ സമയബന്ധിതമായി ഇടപെടുന്നതിനും വിവിധ വുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്.
സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക കണ്ട്രോള് റൂം
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പൊലിസ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുക, സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുക, അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തില്‍ ഇടപെടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയവലക്ഷ്യമിട്ട് പ്രത്യേക കണ്ട്രോള് റൂം പ്രവര്‍ത്തനം തുടങ്ങി. വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ഏകോപിപ്പിച്ച് ആവശ്യമായ നിര്‍ദേശങ്ങളും നടപടികളും യഥാസമയം കൈക്കൊള്ളുന്നതിനുള്ള സംവിധാനവും കണ്ട്രോള് റൂമില്‍ ഒരുക്കിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലാ പൊലിസ് കണ്ട്രോള് റൂമില്‍ ആരംഭിച്ച ശബരിമല കണ്ട്രോള് റൂം ജില്ലാ പൊലിസ് മേധാവി ആര്. ആനന്ദ് ഉദ്ഘാടനം ചെയ്തു.
മണ്ഡല-മകരവിളക്ക് മഹോത്സവത്തിനെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് സുരക്ഷിതമായ യാത്രയും സുഗമമായ ദര്‍ശനവും ഉറപ്പാക്കുന്നതിനും തീര്‍ഥാടനകാലം സമാധാനപരമായും സുരക്ഷിതമായും പൂര്‍ത്തീകരിക്കുന്നതിനും പത്തനംതിട്ട ജില്ലാ പൊലിസ് എല്ലാ വിധത്തിലും സജ്ജമാണെന്ന് ജില്ലാ പൊലിസ് മേധാവി ആര്. ആനന്ദ് അറിയിച്ചു.
Tags : First Phase