തോട്ടപ്പള്ളി ഹാർബറിൽ തിങ്ങിനിറഞ്ഞു കിടക്കുന്ന വള്ളങ്ങൾ.
അമ്പലപ്പുഴ: കടലാക്രമണം ശക്തി പ്രാപിക്കുമ്പോൾ തീരദേശത്ത് വള്ളങ്ങൾക്ക് നങ്കൂരമിടാൻ ഇടമില്ലാതെ ഉടമകൾ വലയുന്നു. മുൻ സർക്കാരുകളുടെ കാലത്ത് കോടികൾ ചെലവഴിച്ചു നിർമിച്ച തോട്ടപ്പള്ളി ഹാർബറിന്റെ ഇപ്പോഴത്തെ ശോച്യാവസ്ഥയാണ് മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയായിരിക്കുന്നത്. ജില്ലയുടെ നാനാഭാഗത്തു നിന്നും നൂറുകണക്കിനു വള്ളങ്ങളെത്തുന്ന ഹാർബർ ചെളിയും മണ്ണുമടിഞ്ഞ് ആഴം കുറഞ്ഞിട്ട് വർഷങ്ങളായി.
അശാസ്ത്രീയമായ ഹാർബർ നിർമാണത്തിനെതിരേയുള്ള മത്സ്യ ത്തൊഴിലാളി സമരത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മാറിമാറി വന്ന സർക്കാരുകൾക്ക് ഈ ആവശ്യമുന്നയിച്ച് നിരവധി പരാതികൾ നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. തൃക്കുന്നപ്പുഴ മുതൽ അർത്തുങ്കൽ വരെയുള്ള വള്ളങ്ങൾ നങ്കൂരമിടേണ്ട ഹാർബറിൽ ഇപ്പോൾ 20 വള്ളങ്ങൾക്കു പോലും സുരക്ഷിതമായി കിടക്കാൻ പറ്റാത്ത സ്ഥിതിയാണ്. അതേസമയം, ജില്ലയുടെ വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമായതോടെ ചെറുതും വലുതുമായ നൂറുകണക്കിനു വള്ളങ്ങൾ ഇതേ ഹാർബറിൽ നങ്കൂരമിട്ടിരിക്കുകയാണ്.
സൂചികുത്താൻ ഇടമില്ലാതെയാണ് വള്ളങ്ങൾ തിങ്ങിക്കൂടിക്കിടക്കുന്നത്. ശക്തമായ കാറ്റടിച്ചാൽ, അല്ലെങ്കിൽ കടൽക്ഷോഭിച്ചാൽ വള്ളവും വലയും കൂട്ടിയിടിച്ചു തകരുന്ന അവസ്ഥയാണ്.
10 ലക്ഷം രൂപ മുതൽ 50 ലക്ഷം വരെ രൂപ മുതൽ മുടക്കുള്ള വള്ളങ്ങളാണ് കൂടുതലും. ബാങ്ക് വായ്പയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് മുന്തിയ പലിശയ്ക്ക് പണമെടുത്തുമാണ് ഉടമകൾ യാനങ്ങൾ വാങ്ങിയത്. ഇവർ ഭീതിയൊഴിയാതെയാണ് രാപകൽ ഭേദമന്യേ തോട്ടപ്പള്ളി ഹാർബറിൽ കാത്തു കിടക്കുന്നത്.
Tags : Nattuvishesham District News