കൊല്ലങ്കോട് : കാളികുളമ്പ് , ചീരണി ഭാഗത്ത് നാട്ടുകാർ പുലിയെ കണ്ടെത്തിയ സ്ഥലത്ത് വനംവകുപ്പ് കാമറ സ്ഥാപിച്ച് പത്തുദിവസമായിട്ടും പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചില്ല.
ആർആർടി സംഘം പകലും രാത്രിസമയങ്ങളിലും സ്ഥലത്ത് നിരീക്ഷണം നടത്തിവരികയാണ്.
പുലിയെ കാണപ്പെട്ട സ്ഥലത്തിനു സമീപം വനമേഖലയാണ്. ഈ സ്ഥലത്ത് വനപാലകസംഘം പടക്കംപൊട്ടിച്ചു വരുന്നതിനാൽ പകൽസമയത്ത് വനത്തിൽകയറി രാത്രിസമയത്ത് ചീരണി ഭാഗത്ത് വന്നുപോവുന്നതായി നാട്ടുകാർ റേഞ്ച് ഓഫീസ് അധികൃതരെ അറിയിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കാമറ നിലനിർത്തി തെരച്ചിൽ ഊർജിതമാക്കിയിട്ടുള്ളത്. പ്രദേശത്തെ വളർത്തുനായ്ക്കളേയോ തെരുവുനായ്ക്കളേയോ കാണാതായ സംഭവങ്ങളും ഇതുവരെ നാട്ടുകാർ അറിയിച്ചിട്ടില്ല.
എന്നാൽ പത്തുദിവസംമുൻപ് സ്ഥലത്ത് പുലിയുടെ കാൽപാദ അടയാളം വനവകുപ്പ് സ്ഥിരീകരിച്ചിരുന്നു. വനംവകുപ്പ് അധികൃതരുടെ നിർദേശത്തെ തുടർന്ന് നാട്ടുകാർ രാത്രിസമയങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തിവരികയാണ്.
Tags : tiger Nattuvishesham Distric News