അപകടവിവരങ്ങൾ സിഐ എബിയോടു വിശദീകരിക്കുന്ന ജോജോ.
വടക്കഞ്ചേരി: പാലക്കുഴി വെള്ളച്ചാട്ട അപകടത്തിൽ രക്ഷാപ്രവർത്തനം നീണ്ടതു മണിക്കൂറുകൾ. അഞ്ചുമണിക്കൂർനീണ്ട അതിസാഹസികമായ രക്ഷാപ്രവർത്തനത്തിനെത്തിയ വിവിധ വകുപ്പുകളിലേതുൾപ്പെടെ അമ്പതംഗ ദൗത്യസംഘത്തിൽ ആദ്യം വെള്ളച്ചാട്ടത്തിനു താഴെ ഇറങ്ങിയത് നാട്ടുകാരായ കുതിച്ചിറകുടിയിൽ സെബാസ്റ്റ്യനും ഓട്ടോ ഡ്രൈവറായ പിസിഎമ്മിലെ ജോജോയും.
വെള്ളച്ചാട്ടത്തിൽ രണ്ടുപേർ പെട്ടിട്ടുണ്ടെന്ന് കുട്ടനാടൻ ചാക്കോച്ചൻ വിവരം പറഞ്ഞയുടൻ ഇവരാണ് വടവുമായി വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് ഓടിയത്. മുകളിലെ മരത്തിൽ വടംകെട്ടി ചെങ്കുത്തായ പാറക്കെട്ടുകളിലൂടെ ഊഴ്ന്നിറങ്ങി നൂറടി താഴെ കുടുങ്ങിക്കിടന്ന ഭരത്തിനെ സുരക്ഷിതനാക്കി കിടത്തി. ഒരാൾ താഴേക്ക് ഒഴുകി പോയിട്ടുണ്ടെന്നും അവരെ രക്ഷപ്പെടുത്തണമെന്നും ഭരത്ത് പറഞ്ഞതായി സെബാസ്റ്റ്യൻ പറഞ്ഞു. അവർ കുഴപ്പമില്ലാതെ താഴെയുണ്ടെന്നും പറഞ്ഞ് ഭരത്തിനെ സമാധാനിപ്പിക്കുകയായിരുന്നു. പിന്നീടാണ് വടക്കഞ്ചേരി, പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘങ്ങളും മലകൾ കയറി രക്ഷാപ്രവർത്തനം നടത്തുന്ന സ്പെഷ്യൽ ടാസ്ക് ഫോഴ്സും എത്തിയത്.
തഹസിൽദാർ ജെറിൻ ജോൺസൺ, അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർമാരായ പ്രദീപ്, സുധീർ കുമാർ, ആലത്തൂർ ഡിവൈഎസ്പി വി.എസ്. ദിനരാജ്, വടക്കഞ്ചേരി സിഐ എം.പി. എബി, എസ് ഐമാരായ ഉണ്ണി, രാമചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരൻ, വാർഡ് മെംബർ റെൻസി ജോയ്സ്, സുനിൽ എം. പോൾ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൻ. സുബൈർ നേതൃത്വത്തിൽ വനപാലകരും വില്ലേജ് ഓഫീസർ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
Tags : Nattuvishesham Districtnews Sebastian