അറസ്റ്റിലായ വിപിൻകുമാർ
തളിപ്പറമ്പ്: ക്ഷേത്രത്തിൽ കവർച്ച നടത്തിയ കേസിൽ പൊലിസുകാരൻ അറസ്റ്റിൽ. പയ്യന്നൂർ അന്നൂർ പുതിയങ്കാവിലെ വി.എം. വിപിൻകുമാർ (40) ആണ് പിടിയിലായത്. കാസർഗോഡ് കുമ്പള സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഇയാൾ നിലവിൽ സസ്പെൻഷനിലാണ്.
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയതിനും ഇതേക്ഷേത്രത്തിലും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും ദർശനത്തിന് എത്തിയ ഭക്തരുടെ മൊബൈൽ ഫോണുകൾ മോഷണം നടത്തിയ കേസുകളിലുമാണ് അറസ്റ്റ്. തളിപ്പറമ്പ് ഡിവൈഎസ്പി ടി.പി.സുമേഷ്, സിഐ ശ്രീഹരി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത ഇയാളിൽനിന്ന് മൂന്ന് മൊബൈൽ ഫോണുകളും 6000 രൂപയും കണ്ടെടുത്തു.
കഴിഞ്ഞ 31നാണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയത്. ഒമ്പതിന് ക്ഷേത്രദർശനത്തിനെത്തിയ ഒരാളുടെ മൊബൈൽ ഫോണും മേഷ്ടിച്ചു. ക്ഷേത്രത്തിനുള്ളിൽ കടക്കുന്പോൾ പുറത്ത് ഊരിവച്ച ഷർട്ടിനകത്തുണ്ടായിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കുകയായിരുന്നു.
ക്ഷേത്രത്തിലെ സിസിടിവിയിൽ ദൃശ്യത്തിൽനിന്നാണ് വിപിൻകുമാറിനെ തിരിച്ചറിഞ്ഞത്. പിറ്റേന്നു രാവിലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ എത്തിയ ഇയാൾ ദർശനത്തിനെത്തിയ ജ്യോത്സ്യൻകൂടിയായ ചിറ്റാരിക്കൽ ആലയിൽ പടിഞ്ഞാറെവീട്ടിൽ സജിൻ മോഹന്റെ 27,000 രൂപ വിലവരുന്ന മൊബൈൽ ഫോണും കൈക്കലാക്കി. ഷർട്ട് ഊരിവച്ച് ജ്യോത്സ്യൻ ക്ഷേത്രത്തിനകത്തു കയറിയപ്പോഴായിരുന്നു കവർച്ച.
നേരത്തെയും ഇയാൾക്കെതിരേ കേസുകളുണ്ടെന്ന് പൊലിസ് പറഞ്ഞു. പൊലിസിൽ ജോലി ലഭിച്ച ശേഷം എസ്എസ്എൽസി പൂർവവിദ്യാർഥി സംഗമത്തിൽ പങ്കെടുത്ത ഇയാൾ അവിടെവച്ച് പഴയൊരു വിദ്യാർഥിനിയുമായി സൗഹൃദത്തിലായി. അവരിൽനിന്ന് സ്വർണാഭരണങ്ങൾ വാങ്ങി പണയംവച്ചു. പ്രസവത്തെത്തുടർന്ന് യുവതി മാനസിക സമ്മർദ്ദത്തിന് ഇരയാകുകയും കൗൺസിലിംഗിന് വിധേയമാക്കേണ്ടിവരികയും ചെയ്തു. അപ്പോഴാണ് വിപിൻകുമാർ സ്വർണം തട്ടിയെടുത്തതാണ് യുവതിയുടെ അവസ്ഥയ്ക്കു കാരണമെന്ന് തെളിഞ്ഞത്. അന്നൂരിൽ ഒരു മൊബൈൽ ഫോൺ മോഷ്ടിച്ചതിന് പയ്യന്നൂർ പൊലീസെടുത്ത കേസിലും പ്രതിയാണ്. കേസുകളെ തുടർന്നാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.
പൊലിസ് സർവീസിൽ പ്രവേശിച്ച വിപിൻകുമാർ കൃത്യമായി ഡ്യൂട്ടി നിർവഹിക്കാറില്ലായിരുന്നു. ഡ്യൂട്ടിക്ക് വരാതെ മുങ്ങിനടക്കുന്നതും കേസുകളും കാരണം ഇയാളെ സർവീസിൽനിന്ന് പിരിച്ചുവിടാനുള്ള നടപടി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് അറിയുന്നു. എസ്ഐമാരായ സാംസൺ, ഗോപിനാഥൻ, ബാലകൃഷ്ണൻ, എഎസ്ഐ ഇബ്രാഹിം സീരകത്ത്, സീനിയർ സിപിഒമാരായ കമലേഷ്, വിജേഷ്, ഡ്രൈവർ മഹേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Tags : NattuVishesham DistricteNews