സുൽത്താൻ ബത്തേരിയിലെ തട്ടുകടയിൽ ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭ ആരോഗ്യവിഭാഗവും ചേർന്ന് പരിശോധന നടത്തുന്നു.
സുൽത്താൻ ബത്തേരി: ഷിഗെല്ല രോഗബാധയുടെ പശ്ചാത്തലത്തിൽ ബത്തേരി നഗരത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭ ആരോഗ്യവിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ ശുചിത്വഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ച എട്ട് തട്ടുകടകളും അഞ്ച് ഷവർമ വിൽപ്പന യൂണിറ്റുകളും അടപ്പിച്ചു.
ഗാന്ധിജംഗ്ഷനിൽ പ്രവർത്തിച്ച മൂന്ന് തട്ടുകടകൾ, ചുള്ളിയോട് റോഡിലെയും ചുങ്കത്തെ ഈസ്റ്റേണ്‍ ടൂറിസ്റ്റ് ഹോമിന് സമീപത്തെയും ഉഡുപ്പി ഹോട്ടലിന് സമീപത്തെയും ഓരോ തട്ടുകടകൾ, കോട്ടക്കുന്നിൽ പ്രവർത്തിച്ച രണ്ട് തട്ടുകടകൾ എന്നിവയാണ് പൂട്ടിച്ചത്.
അതേസമയം ജഫ്സ ബേക്ക്സ്, ഫേമസ് ബേക്സ്, സ്പൈസി കഫ്തീരിയ, ഇന്ത്യൻ ബേക്കറി ആൻഡ് റസ്റ്ററന്റ്, സിറ്റി ബേക്സ് എന്നിവിടങ്ങളിലെ ഷവർമ വിൽപ്പന യൂണിറ്റുകളും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചു.
ബത്തേരി ഭക്ഷ്യസുരക്ഷാ ഓഫീസർ എം.കെ. രേഷ്മ, കൽപ്പറ്റ ഭക്ഷ്യസുരക്ഷാ ഓഫീസർ നിഷ പി. മാത്യു, മാനന്തവാടി ഭക്ഷ്യസുരക്ഷാ ഓഫീസർ അഞ്ജു ജോണ്‍, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അനൂപ് കുമാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സുനില, പ്രിയ രത്നം എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
Tags : Local News Nattuvishesham Wayanad