രാജാക്കാട്: പഠിച്ച സ്കൂളിൽ പ്രഥമാധ്യാപികയായി ചുമതലയേൽക്കുന്ന അപൂർവ സൗഭാഗ്യവുമായി സിന്ധു ഗോപാലൻ. രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ്മിസ്ട്രസായി ചുമതലയേറ്റു.
ഇതേ സ്കൂളിൽ 20 വർഷം കെമിസ്ട്രി അധ്യാപികയായും സീനിയർ അസിസ്റ്റന്റായും സേവനം ചെയ്ത ശേഷം കഴിഞ്ഞ വർഷമാണ് പ്രമോഷൻ ആയി ചിത്തിരപുരം ഗവ. ഹൈസ്കൂളിൽ പ്രഥമാധ്യാപികയായി ചേർന്നത്.
ഒരു വർഷം ജോലി ചെയ്തതിനുശേഷമാണ് രാജാക്കാട് സ്കൂളിലേക്ക് സ്ഥലംമാറി എത്തിയത്. പഠിച്ച സ്കൂളിൽ പ്രഥമാധ്യാപികയായി വരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും തുടർന്നുള്ള മൂന്നു വർഷക്കാലം സ്കൂളിന്റെ പുരോഗതിക്കായി പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.
പഴയ ഗുരുനാഥമാരായ ചെല്ലമ്മ ശ്രീധരൻ, സി.വി. ചെല്ലമ്മ എന്നിവരുടെ അനുഗ്രഹാശിസുകളോടെയാണ് സിന്ധു പ്രഥമാധ്യാപികയായി ചുമതലയേറ്റത്. താൻ പഠിപ്പിച്ച കുട്ടിയും അധ്യാപികയായി ഈ സ്കൂളിൽ ജോലി ചെയ്യുന്നുണ്ടെന്ന് ടീച്ചർ പറഞ്ഞു.
അടിമാലി ടെക്നിക്കൽ സ്കൂളിൽ ഇൻട്രക്ടറായി വിരമിച്ച വി.എൻ. ശശിധരനാണ് ഭർത്താവ്. ഏകമകൾ ദേവി വണ്ടൻമേട് പോസ്റ്റ് ഓഫീസ് ജീവനക്കാരിയാണ്.