ലഹരിവിരുദ്ധ സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.
ഹരിപ്പാട്: കാർഗിൽ വിജയത്തിന്റെ 27-ാം വാർഷികത്തിൽ, ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിക്കെതിരായ പോരാട്ടത്തിലും കൈകോർത്ത് സൈനിക കൂട്ടായ്മ. ആലപ്പുഴയിലെ സൈനികരുടെ കൂട്ടായ്മയായ സോൾജിയേഴ്സ് ഓഫ് ഈസ്റ്റ് വെനീസ് സംഘടിപ്പിച്ച എട്ടാം വാർഷികാഘോഷവും ലഹരിവിരുദ്ധ പ്രചാരണവും കാർത്തികപ്പള്ളി ആയാപറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
അതിർത്തിയിൽ നാടിന് കാവൽനിൽക്കുന്ന സൈനികർ, സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ യുവജനതയെ പ്രാപ്തരാക്കാൻ മുന്നിലുണ്ടെന്ന സന്ദേശമാണ് ഈ കൂട്ടായ്മ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രസിഡന്റ് മുരളീധരൻ വള്ളികുന്നം അധ്യക്ഷത വഹിച്ചു. മനോജ് കരിമുളയ്ക്കൽ, റിട്ട. കേണൽ വിജയകുമാർ, എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ സെക്രട്ടറി ബാബുലാൽ എന്നിവർ പ്രസംഗിച്ചു.