മൂലങ്കാവ്-ഓടപ്പള്ളം ലിങ്ക് റോഡ് തകര്‍ന്ന നിലയില്‍.
സുല്‍ത്താന്‍ ബത്തേരി: മൂലങ്കാവില്‍നിന്ന് ഓടപ്പള്ളത്തേക്കുള്ള ലിങ്ക് റോഡ് തകര്‍ന്നു. റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതോടെ വാഹനഗതാഗതവും കാല്‍നടയാത്രയും ദുഷ്കരമായി.
റോഡിലെ കുഴികള്‍ രണ്ടുതവണ മൂലങ്കാവ് സെന്റ് ജൂഡ് അയല്‍ക്കൂട്ടം അംഗങ്ങള്‍ മൂടിയെങ്കിലും പിന്നീട്വലിയ കുഴികള്‍ രൂപപ്പെട്ടു. തുടര്‍ന്ന് ഓട്ടോറിക്ഷ തൊഴിലാളികള്‍ ബില്‍ഡിംഗ് മാലിന്യം നിറച്ച് ഒരുവിധം സഞ്ചാരയോഗ്യമാക്കിയ റോഡ് വീണ്ടും തകര്‍ന്നു. കേരള വാട്ടര്‍ അഥോറിറ്റിയുടെ പമ്പിംഗ്, വിതരണ പൈപ്പ് ലൈനുകള്‍ ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. വടച്ചിറയിലെ വാട്ടര്‍ അഥോറിറ്റി ടാങ്കിലേക്കുള്ള പ്രധാന വഴിയും ഇതുതന്നെയാണ്.
പൈപ്പ്ലൈന് അറ്റകുറ്റപ്പണിക്ക് പലതവണ കുഴിച്ചതും റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമായതായി ആക്ഷേപമുണ്ട്. ദിവസേന വിദ്യാര്‍ഥികളടക്കം അനേകം ആളുകള്‍ യാത്രയ്ക്ക് ആശ്രയിക്കുന്ന റോഡിന്റെ ദുരവസ്ഥ അപകടസാധ്യത വര്‍ധിപ്പിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. അടിയന്തരമായി റോഡ് നവീകരിക്കാന്‍ ജനപ്രതിനിധികളും ബന്ധപ്പെട്ട വകുപ്പുകളും ഇടപെടണമെന്ന് മൂലങ്കാവ് സെന്റ് ജൂഡ് അയല്‍ക്കൂട്ടം അംഗങ്ങള്‍ ആവശ്യപ്പെട്ടു.
Tags : Nattuvishesham Districtnews