അയിലൂർ: അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനവും വൈറസ് രോഗങ്ങളുടെ വ്യാപനവുംമൂലം അയിലൂർ മേഖലയിലെ പച്ചക്കറികർഷകർ കടുത്ത പ്രതിസന്ധിയിൽ. പാവൽക്കൃഷിയിൽ വ്യാപകമായി മുരടിപ്പുരോഗവും പച്ചിലവാട്ടവും ബാധിച്ചതോടെ ഉത്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
വിളവു കുറഞ്ഞതോടൊപ്പം വിപണിയിൽ പച്ചക്കറികൾക്കു വിലയിടിഞ്ഞതും കർഷകരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ വർധിപ്പിച്ചു. അയിലൂർ കൃഷിഭവൻ പരിധിയിലുള്ള പാളിയമംഗലം, കൂറുമ്പൂർ, കരിങ്കുളം, തിരുവഴിയാട് തുടങ്ങിയ പ്രദേശങ്ങളിലായി ഏകദേശം 60 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന പാവൽക്കൃഷിയാണ് രോഗബാധയെതുടർന്ന് നഷ്ടത്തിലായത്. സാധാരണയായി ഈ സമയത്ത് ഒരേക്കറിൽനിന്ന് ഒരുടൺവരെ പാവൽ ലഭിക്കാറുണ്ടെങ്കിലും ഇത്തവണ ഉത്പാദനം പകുതിയിലധികം കുറഞ്ഞതായി പാളിയമംഗലത്തെ കർഷകനായ ഷാഹുൽഹമീദ് പറയുന്നു.
വിലത്തകർച്ചയും കർഷകരെ വലയ്ക്കുന്ന മറ്റൊരു പ്രധാന പ്രശ്നമാണ്. കഴിഞ്ഞവർഷം കിലോയ്ക്ക് 55 രൂപവരെ ലഭിച്ചിരുന്ന പാവയ്ക്കയ്ക്ക് ഇപ്പോൾ 13 രൂപ മാത്രമാണ് ലഭിക്കുന്നത്.
അതുപോലെ കിലോയ്ക്ക് 35 രൂപ ലഭിച്ചിരുന്ന പടവലത്തിന് ഇത്തവണ എട്ടുരൂപയോളം മാത്രമാണ് വിപണി വില. പ്രദേശത്തെ ഭൂരിഭാഗം കർഷകരും ഉയർന്ന പാട്ടത്തുകനൽകി ഭൂമി ഏറ്റെടുത്ത് വായ്പയെടുത്താണ് കൃഷിയിറക്കിയിരിക്കുന്നത്. വിത്ത്, വളം, കീടനാശിനി, പന്തൽ നിർമ്മാണം, തൊഴിലാളികളുടെ കൂലി തുടങ്ങി വലിയ ചെലവുകൾ വഹിച്ച ശേഷമാണ് കൃഷി നടത്തുന്നത്.
എന്നാൽ പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതിനാൽ വായ്പ തിരിച്ചടവ് പോലും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഓണക്കാലം ലക്ഷ്യമിട്ടാണ് മേഖലയിൽ വ്യാപകമായി പച്ചക്കറികൃഷി നടത്താറുള്ളത്.
മുൻവർഷങ്ങളിൽ പാളിയമംഗലത്ത് നിന്നുമാത്രം പ്രതിദിനം അഞ്ചുമുതൽ എട്ടു ലോഡുവരെ പച്ചക്കറികൾ വിവിധ ജില്ലകളിലേക്ക് കയറ്റി അയച്ചിരുന്നു. പച്ചക്കറികൃഷി നിലനിർത്താൻ സർക്കാർ ഇടപെടൽ അനിവാര്യമാണെന്നാണ് കർഷകരുടെ നിലപാട്.
Tags : Stagnation in rice farming Nattuvishesham District News