ആലപ്പുഴ: ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നും ഡെപ്യുട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പ്രിയദർശിനി ബസിൽ യാത്ര ചെയ്തു. ട്രാൻസ്ജൻഡർ സമൂഹത്തിനും സ്ത്രീകൾക്കും പ്രായഭേദമന്യേ കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര അനുവദിച്ച യുഡിഎഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ചു യാത്ര ആരംഭിച്ചു.
ഇന്ദിര ഗ്യാരണ്ടി പ്രഖ്യാപനങ്ങൾ സർക്കാർ നടപ്പിലാക്കിത്തുടങ്ങി. സമയബന്ധിതമായി വാഗ്ദാനങ്ങൾ പൂർത്തീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണന്ന് പ്രിയദർശിനി ബസ് യാത്രയ് ക്കു തുടക്കം കുറിച്ചു ഡെപ്യുട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
കെഎസ്ആർടിസി ജീവനക്കാരും യാത്രികരും സാമൂഹ്യ പ്രവർത്തകരും ചേർന്ന് ഡെപ്യുട്ടി സ്പീക്കറെ സ്വീകരിച്ചു. കെഎസ്ആർടിസി ജീവനക്കാരും മെക്കാനിക്കുമാരും ഡിപ്പോയിൽ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും പരിമിതികളെക്കുറിച്ചും ജീവനക്കാർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ഡെപ്യുട്ടി സ്പീക്കറെ അറിയിച്ചു.
കെഎസ്ആർടിസി ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കെ.സി. വേണുഗോപാൽ എംപിയും അമ്പലപ്പുഴ എംഎൽഎ ജി. സുധാകരനും ആലപ്പുഴഎംഎൽഎ എ.ഡി. തോമസുമായി കൂടിയാലോചിച്ച് ഈ ബജറ്റ് കാലയളവിൽതന്നെ നടപടികൾ സ്വീകരിക്കുമെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. മുനിസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെംബർ ബബിത ജയൻ, ഡിസിസി വൈസ് പ്രസിഡന്റ് പി.ജെ. മാത്യു. ബ്ലോക്ക് പ്രസിഡന്റുന്മാരായ സഞ്ജീവ് ഭട്ട്, കെ.എ. സാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. നൗഫൽ, ജ്യോതിമോൾ, അഡ്വ.ജി. മനോജ് കുമാർ തുടങ്ങിയവർ യാത്രയിൽ പങ്കാളികളായി.
Tags : problems Nattuvishesham Distric News